മടക്കം പുതിയ വീട്ടിൽ താമസിച്ച്‌ കൊതിതീരാതെ

കോടിമതയിലെ അപകടത്തിൽ മരിച്ച മനോജ്-–പ്രസന്ന ദമ്പതികളുടെ മൂലവട്ടത്തെ വീട്


കോട്ടയം പുതിയ വീട്ടിൽ താമസിച്ച്‌ കൊതിതീരാതെയുള്ള മനോജിന്റെയും പ്രസന്നയുടെയും വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഒരു വർഷം മുമ്പ്‌ ഏറെ പ്രതീക്ഷകളോടെയാണ്‌ പുതിയ വീട്ടിൽ മനോജും കുടുംബവും താമസം തുടങ്ങിയത്‌. ഗൃഹപ്രവേശനത്തിന്റെ ഒന്നാംവാർഷികത്തിന്‌ പിന്നാലെയായിരുന്നു ഇരുവരുടെയും അപ്രതീക്ഷിത വിയോഗം. വെസ്റ്റ്‌ പൊലീസ്‌ സ്‌റ്റേഷന്‌ സമീപത്തെ വീട്ടിൽനിന്ന്‌ കഴിഞ്ഞ വർഷം ആഗസ്‌ത്‌ 25നാണ്‌ അവർ പുതിയ വീട്ടിലേക്ക്‌ മാറുന്നത്‌.  സന്തോഷത്തോടെ സ്‌കൂളിലേക്ക്‌ പറഞ്ഞയച്ച അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിലേക്കായിരുന്നു മക്കളായ അനന്തുവിന്റെയും അമൃതയുടെയും തിരിച്ചുവരവ്‌. വീട്ടിലെത്തും വരെ അപകട വിവരം മക്കളെ അറിയിച്ചിരുന്നില്ല. വീട്ടിൽ ആളുകളെ കണ്ടെങ്കിലും ചെറിയ അപകടം മാത്രമായിരിക്കുമെന്നാണ്‌ ഇരുവരും കരുതിയത്‌. ഫോണിൽ അപകടത്തിന്റെ ചിത്രം കണ്ടാണ്‌ അമ്മയ്‌ക്കും അച്ഛനും എന്തോ സംഭവിച്ചതെന്ന്‌ അനന്തുവും അമൃതയും മനസിലാക്കുന്നത്‌. അവരെ ഒരുനോക്ക്‌ കാണാൻ ആശുപത്രിയിൽ എത്തിക്കണമെന്നാവശ്യപ്പെട്ട്‌  പൊട്ടിക്കരഞ്ഞ അമൃതയുടെ വാക്കുകൾ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.  കോട്ടയം ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ വൺ വിദ്യാർഥിയാണ്‌ അനന്തകൃഷ്‌ണൻ. പാറമ്പുഴ വിദ്യാനികേതൻ സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥിയാണ്‌ അമൃത. മക്കളേയും മനോജിന്റെ അമ്മ സരസമ്മയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന്‌ അറിയാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി.  മനോജ് ജില്ലാ ആശുപത്രി മുൻ ജീവനക്കാരനും നിലവിൽ നാട്ടകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നഴ്‌സിങ് അസിസ്റ്റന്റുമായിരുന്നു. വർഷങ്ങളായി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം കട നടത്തുകയാണ് പ്രസന്നയും മനോജിന്റെ അമ്മ സരസമ്മയും.  Read on deshabhimani.com

Related News