വിശ്രമിക്കാൻ നേരമില്ല; വേദികൾ കാത്ത്‌ ശ്യാം



കോട്ടയം കഥകളി വേഷം അണിയുമ്പോഴും മുഖത്തെഴുതുമ്പോഴും ശ്യാം അനുഭവിക്കുന്നത്‌ മറ്റൊരു സൗന്ദര്യാനുഭൂതിയാണ്. 75 –-ാം വയസിലും അയാളത്‌ ഹൃദ്യമായി ആസ്വദിക്കുന്നു. ഓരോ വേദികൾ കഴിയുമ്പോഴും അടുത്തവേഷപ്പകർച്ചയ്‌ക്കായി കാത്തിരിക്കുന്നു. പത്തനംതിട്ട എക്‌സൈസ്‌ ഡിവിഷണൽ ഓഫീസിൽനിന്ന്‌ സർക്കിൾ ഇൻസ്‌പെക്ടറായി വിരമിച്ചശേഷം കുമാരനല്ലൂർ സ്വദേശിയായ വി ജി ശ്യാമിന്‌ കഥകളിയാണ്‌ ലോകം.    സുഹൃത്തും കഥകളി വിദ്വാനുമായിരുന്ന മാത്തൂർ ഗോവിന്ദൻകുട്ടി ആശാനൊപ്പം പരിപാടികൾ കാണാൻപോകുന്നത്‌ പതിവായിരുന്നു. ആ ദിവസങ്ങളിൽ മനസിൽ കയറിക്കൂടിയ മോഹമാണ്‌ 72 വയസിൽ തുടങ്ങിയ പഠനത്തിലൂടെ അദ്ദേഹം സാധ്യമാക്കിയത്‌. സുഹൃത്തിന്റെ ശിക്ഷണത്തിലായിരുന്നു പഠനവും. അടുത്തവർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അരങ്ങേറ്റംനടത്തി. ഇത്‌ തന്റെ പത്താംവേദിയാണെന്നും ഇനിയും വേഷപ്പകർച്ചയ്‌ക്കുള്ള ഇടങ്ങൾ താൻ കാത്തിരിക്കുകയാണെന്നും കോട്ടയത്ത്‌ കഥകളി അവതരിപ്പിക്കാനെത്തിയ അദ്ദേഹം പറഞ്ഞു.    സീനിയർ സിറ്റീസൺ ഫോറം സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയാണ്‌ അദ്ദേഹത്തിന്റെ പത്താംവേദി. മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്റെ മകനും നിലവിലെ ഗുരുവുമായ കുടമാളൂർ മുരളി കൃഷ്‌ണന്റെ കൂടെ കർണശപഥമാണ്‌ അവതരിപ്പിച്ചത്‌.   എക്‌സൈസിന്റെ ഭാഗമാകുന്നതിന്‌ മുമ്പ്‌ എയർഫോഴ്‌സിലും എംജി സർവകലാശാലയിലും ജോലിചെയ്തിരുന്നു. കഥകളിക്കൊപ്പം ചെറുപ്പംമുതൽ കൂടെയുള്ള പെയിന്റിങ്ങിലും പെൻസിൽ ഡ്രോയിങ്ങിലും അദ്ദേഹം സജീവമാണ്‌. നെറ്റിപ്പട്ട നിർമാണത്തിലും ശ്യാം കരവിരുത്‌ അടയാളപ്പെടുത്തുന്നു. സീനിയർ സിറ്റീസൺ ഫോറത്തിന്റെ ഓണാഘോഷ പരിപാടിക്കിടെ പെയിന്റിങ് പ്രദർശനവും നടത്തുന്നുണ്ട്‌. Read on deshabhimani.com

Related News