മൂന്നാമതെങ്കിലും തലപ്പൊക്കത്തോടെ കുമരകം ടൗൺ ക്ലബ്
കോട്ടയം നെഹ്രു ട്രോഫിയിൽ മുത്തമിടാൻ സാധിച്ചില്ലെങ്കിലും മൂന്നാം സ്ഥാനം നേടി തലപ്പൊക്കത്തോടെയാണ് കുമരകം ടൗൺ ബോട്ട് ക്ലബ് മടങ്ങിയത്. ഫോട്ടോ ഫിനിഷിൽ അവസാനിച്ച മത്സരത്തിൽ മൈക്രോസെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതായത്. ഒന്നാമതുള്ള കാരിച്ചാലിന്റെ സമയം 4.29.785 മിനിറ്റാണ്. രണ്ടാമതുള്ള വീയപുരത്തിന്റെ സമയം 4.29.790 മിനിറ്റും മൂന്നാമതുള്ള നടുഭാഗത്തിന്റെ സമയം 4.30.13 മിനിറ്റുമാണ്. അവസാനനിമിഷം വരെ വിജയപ്രതീക്ഷ നൽകിക്കൊണ്ടാണ് തലനാരിഴ വ്യത്യാസത്തിൽ ക്ലബ് മൂന്നാം സ്ഥാനത്തായത്. കുമരകത്തിന്റെ മറ്റൊരു പ്രതീക്ഷയായിരുന്ന കുമരകം ബോട്ട് ക്ലബ് ഹീറ്റ്‌സിൽ പിന്തള്ളപ്പെട്ടു. എട്ടാം സ്ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. കന്നിക്കാരായ ചങ്ങനാശേരി ബോട്ട് ക്ലബ് ഒമ്പതാം സ്ഥാനം നേടി. രണ്ടാം ലൂസേഴ്‌സ് ഫൈനലിൽ ജേതാക്കളായാണ് ചങ്ങനാശേരി ഒമ്പതാമനായത്. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ അയ്‌മനം ഡ്രീം ചെയ്‌സർ ബോട്ട് ക്ലബ് തുഴഞ്ഞ നവജ്യോതി രണ്ടാം സ്ഥാനവും കുമരകം സമുദ്ര ബോട്ട് ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ മൂന്നാം സ്ഥാനവും നേടി. ചുരുളൻ വള്ളങ്ങളുടെ വിഭാഗത്തിൽ കുമ്മനം യുവദർശന ബോട്ട് ക്ലബ് തുഴഞ്ഞ വേലങ്ങാടൻ മൂന്നാം സ്ഥാനവും അറുപുറ ബോട്ട് ക്ലബ് തുഴഞ്ഞ കോടിമത വള്ളം നാലാം സ്ഥാനവും നേടി. വെപ്പ് ബി ഡ്രേ് വിഭാഗത്തിൽ കുമരകം വിരിപ്പുകാല എസ്‌എസ്‌ബിസി തുഴഞ്ഞ ചിറമേൽ തോട്ടുകടവൻ മൂന്നാം സ്ഥാനവും തിരുവാർപ്പ് ടിബിസി തുഴഞ്ഞ മൂന്നുതൈക്കൽ നാലാം സ്ഥാനവും നേടി. Read on deshabhimani.com