ഏറ്റുമാനൂർ കുടിവെള്ള പദ്ധതി 
നവംബറിൽ തുടങ്ങും



 ഏറ്റുമാനൂർ ഏറ്റുമാനൂർ നഗരസഭയിലെയും കാണക്കാരി, മാഞ്ഞൂർ, അതിരമ്പുഴ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന്‌   ശാശ്വത പരിഹാരമാകുന്നു.  ഇതിനായി വിഭാവനംചെയ്‌ത ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയുടെ നിർമാണം നവംബറിൽ തുടങ്ങും. കിഫ്ബിവഴി 93.225 കോടി ചെലവിട്ടാണ്‌ ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി തുടങ്ങുന്നത്‌.  ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പൂവത്തുംമൂട്ടിലെ നിലവിലുള്ള ഒമ്പതുമീറ്റർ വ്യാസമുള്ള കിണറിൽനിന്ന്‌ വിവിധ മേഖലകളിലേക്ക്‌ കുടിവെള്ളം എത്തിക്കുന്നതാണ്‌ പദ്ധതി. പൂവത്തുംമൂട്ടിലെ നിലവിലെ പമ്പ്ഹൗസിനുസമീപം ഉന്നതശേഷിയുള്ള ട്രാൻസ്ഫോമർ, റോവാട്ടർപമ്പ്സെറ്റ് എന്നിവ സജ്ജമാക്കും.  കിണറ്റിൽനിന്ന്‌ നേതാജി നഗറിൽ നിർമിക്കുന്ന 22 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിലേക്ക്‌ ആദ്യം വെള്ളം എത്തും. ഇതിനോടനുബന്ധിച്ച്‌  16 ലക്ഷം ലിറ്റർ ഓവർഹെഡ്‌ ടാങ്കും 20 ലക്ഷം ലിറ്റർ ഭൂതല ജലസംഭരണിയും നിർമിക്കും. തുടർന്ന്‌ കുടിവെള്ളം കച്ചേരിക്കുന്നിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയിലെത്തും. അവിടെനിന്ന്‌  കട്ടച്ചിറയിലേക്കും വിതരണം തുടരും. കട്ടച്ചിറയിലെ നിലവിലുള്ള സംഭരണി പൊളിച്ച്‌ അരലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണി നിർമിക്കും. ശുദ്ധീകരണകേന്ദ്രത്തിൽനിന്ന്‌ ടാങ്കുകളിലേക്ക്‌ 13 കി. മീ. ദൈർഘ്യമുള്ള ട്രാൻസ്‌മിഷൻ മെയിൻ പൈപ്പ് ലൈനുകളും ടാങ്കുകളിൽനിന്നും 43 കി .മീ ദൈർഘ്യമുള്ള വിതരണ ശൃംഖലയും പൂർത്തീകരിക്കും. നാല്‌ ഘട്ടമായാണ്‌ പദ്ധതി പൂർത്തിയാക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. ആദ്യഘട്ടമായ പൈപ്പിടീൽ പൂർത്തീകരിച്ചു. തുടർന്നുള്ള പ്രവൃത്തിക്കായി 73.8 കോടി അനുവദിച്ചു. ഭാവിയിൽ പദ്ധതി വിപുലീകരിച്ച്‌ ആർപ്പൂക്കര, അയ്‌മനം മേഖലകളിലേക്കും കുടിവെള്ളമെത്തിക്കും.   നവംബറിൽ നിർമാണം  ഉദ്‌ഘാടനംചെയ്യുമെന്നും  മന്ത്രി പറഞ്ഞു.  യോഗത്തിൽ സൂപ്രണ്ടിങ് എൻജിനീയർ രരീഷ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപാൽ, അസി. എൻജിനീയർ സൂര്യ ശശിധരൻ, സൂപ്പർവൈസർ വിനോദ്, നഗരസഭാധ്യക്ഷ ലൗലി ജോർജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്യ രാജൻ, വൈസ്‌ പ്രസിഡന്റ്‌ എ എം ബിന്നു, കാണക്കാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക സുകുമാരൻ, മുനിസിപ്പൽ കൗൺസിലർ ഇ എസ്‌ ബിജു, കെ എൻ വേണുഗോപാൽ, ബാബു ജോർജ്, മുനിസിപ്പൽ കൗൺസിലർമാർ പഞ്ചായത്ത്‌ മെമ്പർമാർ വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സംഘാടകസമിതി ഭാരവാഹികൾ: ഇ എസ്‌ ബിജു(ചെയർമാൻ) ദിലീപ് ഗോപാൽ(കൺവീനർ Read on deshabhimani.com

Related News