രാമനാട്ടുകരയിലെ 
ഹോട്ടലിൽ തീപിടിത്തം

രാമനാട്ടുകര വൈദ്യരങ്ങാടിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തം


രാമനാട്ടുകര കോഴിക്കോട്–-പാലക്കാട് ദേശീയപാതയിൽ രാമനാട്ടുകര വൈദ്യരങ്ങാടിയിലെ മലബാർ പ്ലാസ ഹോട്ടലിൽ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഹോട്ടലിന് മുൻവശം അറേബ്യൻ ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്ന കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഈ ഭാഗം ഏതാണ്ട്‌ പൂർണമായും കത്തിനശിച്ചതിനൊപ്പം ഇവിടെ നിർത്തിയിട്ട രണ്ട്‌ ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയായി.  ശനി രാത്രി ഏഴോടെയാണ് പുറത്ത് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്ന ഇടത്ത് തീപിടിത്തമുണ്ടായത്. പാചകവാതകവും മറ്റും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. ഇതോടെ തൊഴിലാളികൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഇവിടെയെത്തിയ റിട്ട. നാവികസേന ഉദ്യോഗസ്ഥൻ കളരിയിൽ രാജൻ പതിനൊന്നാം മൈൽ നയാര പെട്രോൾ ബങ്കിൽനിന്ന്‌ രണ്ട്‌ ഫയർ എക്‌സ്റ്റിങ്ങിഷർ എത്തിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചു. മീഞ്ചന്തയിൽനിന്ന്‌ എത്തിയ സ്റ്റേഷൻ ഓഫീസർ  എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള രണ്ട്‌ അഗ്നിരക്ഷാസേന യൂണിറ്റ് ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ്‌ തീയണച്ചത്‌. ഭക്ഷണം പാകംചെയ്യുന്ന ഉപകരണങ്ങൾ, പാത്രങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവയും പൂർണമായി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ട്. സാബിറ, സുനീറ, സറീന എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്‌ ഹോട്ടൽ. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ പറയുന്നു. Read on deshabhimani.com

Related News