പ്രതിരോധത്തിലൂന്നിയുള്ള ചികിത്സ അനിവാര്യം: കെ കെ ശൈലജ
കോഴിക്കോട് പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപകമാകുമ്പോൾ പ്രതിരോധത്തിൽ ഊന്നിയുള്ള ചികിത്സയാണ് ആവശ്യമെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്ത്യൻ ഓങ്കോളജി സൊസൈറ്റിയും എംവിആർ കാൻസർ സെന്ററും സംയുക്തമായി നടത്തിയ കാൻകോൺ അന്താരാഷ്ട്ര സെമിനാറിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. ജില്ലാതലങ്ങളിൽ ഹൃദയരോഗങ്ങൾക്കുള്ള സർക്കാർ ചികിത്സ സാധ്യമാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ക്യാൻസർ രോഗ ചികിത്സക്കും ഈ മാതൃകയിൽ സർക്കാർതലത്തിൽ വിപുലമായ സംവിധാനം വേണമെന്നും അവർ പറഞ്ഞു. എംവിആർ ക്യാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ അധ്യക്ഷനായി. മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, പി ടി എ റഹീം എംഎൽഎ, സി കെ അബ്ദുല്ലക്കോയ, ഡോ. ശ്രീലത വർമ എന്നിവർ സംസാരിച്ചു. ഒരിക്കൽ ചികിത്സിച്ച് ഭേദമാക്കിയ രോഗം വീണ്ടും തിരിച്ചുവന്നാൽ എങ്ങിനെ നേരിടാമെന്നതായിരുന്നു മൂന്ന് ദിവസമായി എംവിആർ ക്യാൻസർ സെന്ററിൽ നടന്ന ‘കാൻകോണി’ന്റെ പ്രമേയം. ദേശീയ–-അന്തർദേശീയ ക്യാൻസർ രോഗ വിദഗ്‌ധർ ചികിത്സാ മേഖലയിലെ നൂതന ആശയങ്ങളും സാധ്യതകളും സെമിനാറിൽ ചർച്ചചെയ്‌തു. Read on deshabhimani.com