ജ്വലിക്കുന്ന ഓര്‍മച്ചിത്രങ്ങളായി കോടിയേരി
സ്വന്തം ലേഖിക കോഴിക്കോട് വിട പറഞ്ഞിട്ട് രണ്ടാണ്ട് കഴിയുമ്പോഴും മായാത്ത ഓർമകൾ ജീവസ്സുറ്റ ചിത്രങ്ങളായി നിറയുന്ന ഫ്രെയിമുകൾ. ചുറ്റുമുള്ളവരെ ചേർത്തുപിടിച്ച് അവരിലൊരാളായി മാറിയ കോടിയേരിയുടെ ജ്വലിക്കുന്ന ഓർമകളുടെ പകർപ്പാവുകയാണ് ഓരോ ചിത്രവും. സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ ജീവിതയാത്രയിലെ അവിസ്‌മരണീയ നിമിഷങ്ങളാണ് ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിലെ "കോടിയേരി ഓർമച്ചിത്രങ്ങൾ' പ്രദർശനത്തിലുള്ളത്. പൊതുപ്രവർത്തന ജീവിതത്തിനിടയിൽ തലശേരി സ്വദേശി സെൽവൻ മേലൂർ കാമറയിൽ പകർത്തിയ 30 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന നേതാവിന്റെ ലാളിത്യവും സൗമ്യതയും വിളിച്ചോതുന്നതാണ് ഓരോ ചിത്രവും. 32 വർഷങ്ങൾക്കുള്ളിലായി പകർത്തിയ കോടിയേരിയുടെ നൂറോളം ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിച്ചത്. കോടിയേരിയെ മാളിയേക്കൽ മറിയുമ്മ ആശീർവദിക്കുന്ന ചിത്രം, എ എൻ ഷംസീറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്, ജെമിനി ശങ്കരനോടൊപ്പം വിശേഷങ്ങൾ പങ്കിടുന്നത് എന്നിവ അതിൽ ചിലതാണ്. രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള "കോടിയേരി ഓർമച്ചിത്രങ്ങൾ' പ്രദർശനം നാലിന് സമാപിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ദേശാഭിമാനി ന്യൂസ് എഡിറ്റർ ജയകൃഷ്ണൻ നരിക്കുട്ടി, മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ, 24 ന്യൂസ് അസിസ്‌റ്റന്റ് എഡിറ്റർ ദീപക് ധർമടം, ഹൗസിങ് ബോർഡ് ചെയർമാൻ ടി വി ബാലൻ, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി യു ഹേമന്ദ് കുമാർ എന്നിവർ സംസാരിച്ചു. കെ സുരേന്ദ്രൻ സ്വാഗതവും സെൽവൻ മേലൂർ നന്ദിയും പറഞ്ഞു. Read on deshabhimani.com