നഗരവികസനം മുടക്കി
യുഡിഎഫ്‌



കോഴിക്കോട്‌ കോർപറേഷൻ പദ്ധതികളെ തുരങ്കംവയ്‌ക്കുന്നതിലൂടെ യുഡിഎഫ്‌ അട്ടിമറിക്കുന്നത്‌ നഗരവികസനത്തെ. കോതിയിലും ആവിക്കലിലും നടപ്പാക്കാനിരുന്ന മാലിന്യസംസ്‌കരണ പ്ലാന്റ്‌ പദ്ധതി തകർത്തവരുടെ അടുത്ത ലക്ഷ്യമിപ്പോൾ പാളയം പച്ചക്കറി മാർക്കറ്റാണ്‌. പദ്ധതിയുമായി ബന്ധപ്പെട്ട ചെറിയ ആശങ്ക ഭരണസമിതി പരിഹരിക്കുന്നതിനിടയിലാണ്‌ രാഷ്‌ട്രീയമായി മുതലെടുപ്പിനായി യുഡിഎഫ്‌ മുൻ നിലപാടിൽനിന്ന്‌ മലക്കം മറിയുന്നത്‌.  ജനസാന്ദ്രതയേറെയുള്ള കോതി, ആവിക്കൽ മേഖലയിൽ കുടിവെള്ള ശുചിത്വം ഉറപ്പാക്കാനായാണ്‌ അമൃത്‌ പദ്ധിയിൽ 100 കോടിയിലേറെ രൂപയുടെ ആധുനിക സീവേജ്‌ പ്ലാന്റ്‌ പദ്ധതി ആവിഷ്‌ക്കരിച്ചത്‌. യുഡിഎഫിന്റെ പിന്തുണയിലാണിതും ആരംഭിച്ചത്‌. പിന്നീട്‌ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ പ്രതിഷേധമുയർത്തിയപ്പോൾ കോർപറേഷൻ സർവകക്ഷി യോഗം വിളിച്ചുചേർത്തു. ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാർ പദ്ധതിക്കൊപ്പമാണ്‌ തങ്ങൾ എന്നാണ്‌ യോഗത്തിൽ ഉറപ്പുനൽകിയത്‌. നാടിന്റെ വികസനം മുടക്കാനിറങ്ങിയവർക്ക്‌ ഒപ്പം പിന്നീട്‌ യുഡിഎഫ്‌ ചേർന്നു. സംസ്ഥാന നേതാക്കളെ വരെ പ്രദേശത്ത്‌ എത്തിച്ചു.  ഇതേ യുഡിഎഫാണ്‌ സ്വകാര്യ കമ്പനി നടപ്പാക്കാനിരുന്ന മാലിന്യ സംസ്‌കരണ പദ്ധതിക്കായി കഴിഞ്ഞ ദിവസം കൗൺസിലിൽ വാദിച്ചത്‌.   വർഷങ്ങൾക്ക്‌ മുന്നേ തീരുമാനിച്ച പാളയം പച്ചക്കറി മാർക്കറ്റ്‌ മാറ്റൽ പദ്ധതിയാണ്‌ യുഡിഎഫിന്റെ പുതിയ ഇര. കല്ലുത്താൻ കടവ്‌ ഉന്നതി നിവാസികൾക്ക്‌ ഫ്ലാറ്റും പകരം കല്ലുത്താൻ കടവിൽ പച്ചക്കറി മാർക്കറ്റും പാളയത്ത്‌ വാണിജ്യ സമുച്ചയവും സ്ഥാപിക്കാൻ 2005ലാണ്‌ കരാർ വച്ചത്‌. നഗരവികസനത്തിന്‌ പുതിയ മുഖം നൽകുന്ന പദ്ധതി തറക്കല്ലിടൽ ചടങ്ങിൽ രാഘവൻ എംപിയായിരുന്നു അന്ന്‌ മുഖ്യാതിഥി. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയായതിനാൽ എംപിയും മലക്കം മറിഞ്ഞ്‌ സമരത്തിനിറങ്ങി.  വോട്ട്‌ മാത്രമാണ്‌ യുഡിഎഫ്‌ ലക്ഷ്യമെന്ന്‌ വ്യക്തം. കല്ലുത്താൻ കടവിലേക്ക്‌ മാറ്റുന്ന കച്ചവടക്കാർക്ക്‌ പൂർണ പുനരധിവാസം കോർപറേഷൻ ഉറപ്പുനൽകിയിട്ടുണ്ട്‌. ആശങ്കകൾ പങ്കുവച്ചവരുമായി  കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു. യോഗത്തിൽ യുഡിഎഫും പങ്കെടുത്തിരുന്നു. അന്നൊന്നും പ്രകടിപ്പിക്കാത്ത എതിർപ്പാണ്‌ ഇപ്പോൾ കാണിക്കുന്നത്‌. കച്ചവടക്കാരെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ച്‌ പദ്ധതിക്കെതിരാക്കുകയാണ്‌ ലക്ഷ്യം. Read on deshabhimani.com

Related News