‘വാടക ബാങ്ക് അക്കൗണ്ടുകള്‍’ കൂടുന്നു
കോഴിക്കോട് ജില്ലയില്‍ ‘വാടക ബാങ്ക്’ അക്കൗണ്ടുകള്‍ വര്‍ധിക്കുന്നതായി സൈബര്‍ പൊലീസ്. രാജ്യത്തുടനീളം ഓൺലൈൻ തട്ടിപ്പ് വഴി കൈക്കലാക്കിയ കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിനാണ് തട്ടിപ്പ് സംഘങ്ങള്‍ ബാങ്ക് അക്കൗണ്ടുകൾ ‘വാടക'യ്ക്കെടുക്കുന്നത്. കോളേജ് വിദ്യാര്‍ഥികളും യുവാക്കളുമാണ് കൂടുതലും അക്കൗണ്ടുകള്‍ ‘വാടകയ്ക്ക്' നല്‍കുന്നത്. ഗുരുതര കുറ്റകൃത്യമാണെന്നറിയാതെയാണ് അധികമാളുകളും നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നത്. ഇപ്രകാരം നിരവധി പേര്‍ സൈബർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു. ജില്ലയില്‍ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പുകേസുകളില്‍ പിടിയിലായ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍, പുതുതായി ആരംഭിച്ച അക്കൗണ്ടുകൾ വഴി പണം ഏജന്റുമാർക്ക് കൈമാറിയവരാണ്. ഇവരില്‍ രണ്ടുപേര്‍ ആലപ്പുഴ സ്വദേശികളും ഒരാള്‍ പന്തീരാങ്കാവുകാരനുമാണ്. വാടക കരാര്‍ ഇങ്ങനെ നിശ്ചിത തുക വാഗ്ദാനം നൽകി യുവാക്കളെയാണ് ബാങ്ക് അക്കൗണ്ടിനായി ഏജന്റുമാർ സമീപിക്കുന്നത്. പണമിടപാട് നടത്താൻ തയ്യാറായവരോട് പുതുതലമുറ ബാങ്കുകളിൽ പുതിയ അക്കൗണ്ടെടുക്കാൻ ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ട് ഉള്ളവരാണെങ്കിൽ ഉപയോഗിക്കാത്തത് നല്‍കണം. തുടർന്ന് അക്കൗണ്ട് നമ്പർ ഏജന്റിന് കൈമാറും. ഈ അക്കൗണ്ടിലേക്കാണ് വിവിധ ഘട്ടങ്ങളിലായി ലക്ഷങ്ങൾ എത്തുന്നത്. തട്ടിപ്പുസംഘം ഇത് മറ്റു അക്കൗണ്ടുകളിലേക്ക് ചെറിയ തുകയാക്കി കൈമാറും. വാടകക്കാര്‍ക്ക് ലക്ഷത്തിന് 500 രൂപയാണ് കമീഷന്‍. ചിലത് മാസത്തില്‍ 5000 വാടക എന്നതുമുണ്ട്. തുക ചെക്ക് വഴി പിൻവലിച്ച് കൈമാറാമെന്ന വ്യവസ്ഥയുമുണ്ട്. ഓരോ തവണ ഇടപാടുകൾ നടത്തുമ്പോഴും നിശ്ചിത തുക അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും. രണ്ടുലക്ഷം രൂപ പിൻവലിച്ച് നൽകിയത് വഴി 20,000 രൂപ ലഭിച്ചവരുണ്ട്. ഓരോ ഏജന്റുമാരും വ്യത്യസ്ത തുകകളാണ് പ്രതിഫലമായി നൽകുന്നത്. ഒരു തവണ പണം ലഭിച്ചവർ സുഹൃത്തുക്കൾക്കും പരിചയമുള്ളവർക്കും വിവരം കൈമാറും. തുടർന്ന് അവരും ഇതില്‍ കണ്ണികളാകും. സൈബര്‍ തട്ടിപ്പിനിരയാകുന്നവര്‍ നല്‍കുന്ന വിവരമനുസരിച്ച് പണമെത്തിയ ബാങ്ക് അക്കൗണ്ടുകളാണ് പൊലീസ് മരവിപ്പിക്കുക. ആ സമയത്താണ് വാടക ബാങ്ക് അക്കൗണ്ട് ഉടമകള്‍ സംഭവം അറിയുക. സ്വാഭാവികമായും ഇവരും കേസില്‍ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം വാഗ്ദാനങ്ങളിൽ വീണുപോകരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. Read on deshabhimani.com