വയനാട് ദുരന്തം: ചാലിയാറിൽ വ്യാപക തിരച്ചിൽ
ഫറോക്ക് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചാലിയാറിൽ ഫറോക്ക്, ബേപ്പൂർ മേഖലയിൽ വ്യാപക തിരച്ചിൽ നടത്തി. നിരവധി മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് ലഭിച്ച സാഹചര്യത്തിലാണ് ഉന്നതതല നിർദേശത്തെ തുടർന്ന് പുഴയിൽ സംയുക്ത തിരച്ചിൽ ശക്തമാക്കിയത്. ഡ്രോൺ, വാട്ടർ ക്യാമറ തുടങ്ങിയ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. മീഞ്ചന്ത സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം, അസി. കമീഷണർ എ എം സിദ്ധീഖിന്റെ നേതൃത്വത്തിൽ ഫറോക്ക്, പന്തീരാങ്കാവ്, ബേപ്പൂർ, നല്ലളം, വാഴക്കാട് പൊലീസ്, ബേപ്പൂർ ചാലിയം തീരദേശ പൊലീസ്, ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളും സിവിൽ ഡിഫൻസും ചേർന്നായിരുന്നു തിരച്ചിൽ. അറപ്പുഴ പാലം മുതൽ ചാലിയാർ കടലിൽ ചേരുന്ന ബേപ്പൂർ അഴിമുഖം വരെയും പുഴയുടെ പ്രധാന കൈവഴികളിലും വെള്ളി, ശനി ദിവസങ്ങളിൽ പരിശോധന നടന്നു. ശനിയാഴ്ച ഫിഷറീസ് -മറൈൻ എൻഫോഴ്സ്മെന്റ് "കാരുണ്യ’ മറൈൻ ആംബുലൻസ് സഹായത്തോടെയായിരുന്നു തിരച്ചിൽ. ബേപ്പൂർ സിഐ എസ് ദിനേശ്, എസ്ഐമാരായ സജീവ്, രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. മുക്കം ചാലിയാറിന്റെ ഊർക്കടവ് മുതൽ അരീക്കോട് വരെയുള്ള ഭാഗങ്ങളിൽ ശനിയാഴ്‌ചയും മുങ്ങൽ വിദഗ്‌ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. വേൾഡ് മലയാളി ഡൈവിങ് അസോസിയേഷനിലെ 12 പേരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. രണ്ട് ബോട്ടുകളിൽ രണ്ട് സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. ‘എന്റെ മുക്കം’, പ്രിയ വാഴക്കാട്, ‘കർമ ഓമശേരി’, ‘ട്രോമ കെയർ കൊടിയത്തൂർ’ എന്നീ സംഘടനകളും തിരച്ചിലിന്റെ ഭാഗമായി. കഴിഞ്ഞ ദിവസം മാവൂർ പൊലീസ് നേതൃത്വത്തിൽ ചാലിയാറിന്റെ വലതുകരയിലും വാഴക്കാട് പൊലീസ് നേതൃത്വത്തിൽ കൂളിമാട് മുതൽ ഊർക്കടവ് വരെ ചാലിയാറിന്റെ ഇടതുകരയിലും തിരച്ചിൽ നടത്തിയിരുന്നു. Read on deshabhimani.com