മാലിന്യമുക്തമാകാൻ 
180 ദിന 
ജനകീയ ക്യാമ്പയിനിലേക്ക്‌



കോഴിക്കോട്‌ മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള 180 ദിവസത്തെ ജനകീയ ക്യാമ്പയിന്‌ ഒക്ടോബർ രണ്ടിന്‌ തുടക്കമാകും. കുടുംബശ്രീ പ്രവർത്തകർ, യുവജന, തൊഴിലാളി, സർവീസ്, വ്യാപാര–-വ്യവസായ, സന്നദ്ധ സംഘടനകൾ, കുട്ടികളുടെ സംഘടനകൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയെല്ലാം ഭാഗമാകുന്ന ക്യാമ്പയിന്റെ ജില്ലാ നിർവഹണ സമിതി ബുധനാഴ്‌ച രൂപീകരിക്കും. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30ന് അന്താരാഷ്‌ട്ര സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കും.  -വാർഡുതലംവരെ നിർവഹണ സമിതികൾ രൂപീകരിച്ചാണ്‌ ക്യാമ്പയിൻ. ജില്ലാ സമിതി രൂപീകരണ യോഗം പകൽ 12ന്‌ ജില്ലാ പഞ്ചായത്ത്‌ ഹാളിലാണ്‌.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും കലക്ടർ കൺവീനറുമായ ജില്ലാ സമിതിയിൽ ഹരിതകേരള മിഷനും എഡിഎമ്മിനുമാകും ഏകോപന ചുമതല.  ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിൽ ഏഴിനകവും പഞ്ചായത്ത്‌, നഗരസഭാ തലങ്ങളിൽ 10നകവും സമിതികൾ രൂപീകരിക്കും. ഈ മാസം പകുതിയോടെ വാർഡ്‌ വരെയുള്ള സമിതികളാകും. മാലിന്യ സംസ്കരണമേഖലയിലെ മാതൃകാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടെയാകും ക്യാമ്പയിന്റെ തുടക്കം.  മാലിന്യത്തിന്റെ അളവ് കുറയ്‌ക്കൽ, കൃത്യമായ സംസ്‌കരണ സംവിധാനങ്ങൾ ഉറവിടത്തിൽ തന്നെ ഒരുക്കൽ തുടങ്ങിയവയാണ്‌ നടപ്പാക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന ടൗണുകളും ജങ്ഷനുകളും ശുചിത്വമുള്ളതും ഭംഗിയുള്ളതുമാക്കും. മുഴുവൻ ടൂറിസം കേന്ദ്രങ്ങളെയും ഹരിതടൂറിസം കേന്ദ്രങ്ങളും അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളുമാക്കും. സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്കൂളുകളും കോളേജുകളും ഹരിത സ്ഥാപനങ്ങളാക്കും. നീർച്ചാലുകളും വീണ്ടെടുക്കും. നവംബർ ഒന്നിന്‌ ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിക്കും.  Read on deshabhimani.com

Related News