തർക്കം ഒത്തുതീർന്നു: തുറമുഖ തൊഴിലാളികളുടെ കൂലി 10 ശതമാനം വർധിപ്പിച്ചു



ഫറോക്ക്   ബേപ്പൂർ തുറമുഖത്തെ ചരക്ക്‌ കയറ്റിറക്കുതൊഴിലാളികളുടെ കൂലിവർധന സംബന്ധിച്ച്‌ നിലനിന്നിരുന്ന തർക്കം ഒത്തുതീർപ്പായി. പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്ച്യുതവാര്യർ വ്യാഴാഴ്ച വിളിച്ചുചേർത്ത യോഗത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം തൊഴിലാളികൾക്ക് ഒക്ടോബർ ഒന്നുമുതൽ നേരത്തെയുണ്ടായിരുന്ന കൂലിയിൽ 10 ശതമാനം വർധന ലഭിക്കും. 2026 സെപ്തംബർ 30 വരെയാണ് കാലപരിധി.   നേരത്തെ നിലവിലുള്ള കൂലിവ്യവസ്ഥയുടെ കരാർ കാലപരിധി ഒന്നിന് അവസാനിച്ചിരുന്നു. ഇതിനുമുമ്പെ തൊഴിലാളി സംഘടനകളൊന്നിച്ച് കൂലി വർധനയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും രണ്ടുതവണയും ചർച്ചകൾ അലസി. ഏഴിന് അസിസ്റ്റന്റ്‌ ലേബർ ഓഫീസർ ചർച്ച നിശ്ചയിച്ചിരിക്കെയാണ് പോർട്ട് ഓഫീസർ തൊഴിലാളി പ്രതിനിധികളും ചരക്ക്‌ കയറ്റുമതിക്കാരായ ഏജന്റമാരുടെ സംഘടന പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തി തർക്കം പരിഹരിച്ചത്.    പോർട്ട് ഓഫീസറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ബി മുഹമ്മദ് ബഷീർ, സി വി രാജേഷ് (സിഐടിയു), യു ബാബു, കെ ഷാജി (ഐഎൻടിയുസി), സി നവാസ്, കെ വി ഇസ്മയിൽ (എസ്ടിയു), സെയ്‌ലിങ് വെസൽ ഏജന്റ് ആൻഡ് ഷിപ്മെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (സവാസ്ക) പ്രതിനിധികളായ എം സെജീർ, പി ആർ മുകുന്ദൻ, കെ വി റഫീഖ് എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News