കൃഷി ഇവർക്ക് ജീവിതത്തിന്റെ ഭാഗം



  കൊയിലാണ്ടി ദിവസവും അൽപ്പസമയം ചെലവഴിച്ചാൽ ആർക്കും നല്ല കൃഷിക്കാരനാകാമെന്ന് തെളിയിക്കുകയാണ് തിരുവങ്ങൂരിലെ പൊതുപ്രവർത്തകരായ അശോകൻ കോട്ടും ഇ വി രാമചന്ദ്രനും. വർഷങ്ങളായി കാർഷിക പ്രവൃത്തിയിൽ ഏർപ്പെടുന്ന ഇവർ കോവിഡ് കാലം മുതലാണ് കൂട്ടായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചത്.  ചേമഞ്ചേരി പഞ്ചായത്ത് സഹായത്തോടെ കൃഷിയിറക്കി ഓണക്കാലത്ത് വിളവെടുക്കുകയും നവരാത്രി കാലത്ത് വീണ്ടും വിളവെടുക്കാൻ പോകുകയും ചെയ്യുന്ന ഇവരുടെ ചെണ്ടുമല്ലി കൃഷി ഏറെ ശ്രദ്ധേയമാണ്‌. ഏതാണ്ട് 40 സെന്റ്‌ സ്ഥലത്ത് 1000 തൈകളാണ്‌ വച്ചുപിടിപ്പിച്ചത്. തൊഴിലുറപ്പ്‌ തൊഴിലാളികളായിരുന്നു നിലമൊരുക്കിയത്. കൃഷിഭവൻ തൈകൾ സൗജന്യമായി നൽകി. ഓണക്കാലത്ത് വലിയ വിളവാണ് ലഭിച്ചത്. നല്ല വെയിലും അൽപ്പം ശ്രദ്ധയുമുണ്ടെങ്കിൽ പൂക്കൃഷിയിൽ ആർക്കും വിജയിക്കാനാകുമെന്ന്‌ ഇവർ പറയുന്നു. തിരുവങ്ങൂരിൽ ദേശീയപാതക്കടുത്ത് രാരോത്ത് തറവാട്ടുവളപ്പിലാണ് വർഷങ്ങളായി ഇവർ കൃഷിയിറക്കുന്നത്. ആദ്യമായാണ് പൂക്കൃഷി ചെയ്തത്. വെണ്ട, പയർ, വഴുതിന തുടങ്ങിയ കൃഷിയും സ്ഥിരമായുണ്ട്.  ഇവിടെ 30 സെന്റ്‌ സ്ഥലത്ത് നടത്തിയ മരച്ചീനിയുടെ വിളവെടുപ്പ് അടുത്തമാസം നടക്കും.15 സെന്റ്‌ സ്ഥലത്ത് മഞ്ഞൾ, ഇഞ്ചി കൃഷിയുമുണ്ട്. ചേമ്പും പതിവായി കൃഷി ചെയ്യുന്നു.   ചേമഞ്ചേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റാണ്‌ അശോകൻ കോട്ട്‌. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയാണ്‌ ഇ വി രാമചന്ദ്രൻ.  Read on deshabhimani.com

Related News