കേന്ദ്രമന്ത്രി സ്‌റ്റേഷൻ സന്ദർശിച്ചു റെയിൽവേ സ്‌റ്റേഷനോട് ചേർന്ന് ഐടി ഹബ്
കോഴിക്കോട് കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സ്‌റ്റേഷനോട് ചേർന്ന് ഐടി ഹബ് ഒരുങ്ങുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തി മലബാറിന്റെ ഐടി വികസനത്തിൽ നിർണായകമാവുംവിധമുള്ള ഹബ്ബാണ് ഒരുക്കുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബംഗളൂരുവിലും ചെന്നൈയിലുമുള്ള ഐടി ഹബ് മാതൃകയിലാവും നിർമാണവും പ്രവർത്തനവുമെന്ന് യോഗ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് വാണിജ്യ കോംപ്ലക്‌സ് വരുന്ന ഭാഗമാണ് ഐടി ഹബ്ബിനായി പരിഗണിക്കുക എന്നറിയുന്നു. സൗകര്യവും മറ്റു ഘടകങ്ങളും പരിശോധിച്ചശേഷമാവും മാസ്‌റ്റർ പ്ലാനിൽ ഉൾപ്പെടുത്തുക. സ്‌റ്റേഷനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 470 കോടി രൂപയുടെ വലിയ വികസന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. നിർമാണ പ്രവൃത്തികൾ തുടങ്ങി. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒന്നും നാലും പ്ലാറ്റ്‌ഫോമുകൾ അഞ്ച് നിലകളിലായാണ് വികസിപ്പിക്കുന്നത്. യോഗത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്, എം കെ രാഘവൻ എംപി, ഡിആർഎം അരുൺ കുമാർ ചതുർവേദി, എഡിആർഎം തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com