നവീകരിച്ച എ കെ ജി മേൽപ്പാലം നാടിന് സമർപ്പിച്ചു
കോഴിക്കോട് ഫ്രാൻസിസ് റോഡിലെ നവീകരിച്ച എ കെ ജി മേൽപ്പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. സി എച്ച് മേൽപ്പാലം മോഡലിൽ കാഥോഡിക് പ്രൊട്ടക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ച മേൽപ്പാലത്തിലെ വൈദ്യുത ദീപാലങ്കാരത്തിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, കൗൺസിലർ മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. മൂന്നരക്കോടി രൂപ ചെലവിട്ടാണ് നവീകരണം പൂർത്തിയാക്കിയത്. ഉപ്പുകാറ്റ് ഏൽക്കുന്ന പ്രദേശമായതിനാൽ ആന്റി കാർബണേഷനും നടത്തി. ഡൽഹി ആസ്ഥാനമായ സ്‌ട്രക്‌ചറൽ സ്‌പെഷ്യാലിറ്റിയാണ് പാലത്തിന്റെ കരാർ ഏറ്റെടുത്തത്. നവംബറിൽ പ്രവൃത്തി ആരംഭിച്ചു. 267 മീറ്റർ നീളമുള്ള പാലത്തിന് 1986ലാണ് തറക്കല്ലിട്ടത്. ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ നഗരത്തിലേക്കെത്തുന്നത് ഈ മേൽപ്പാലത്തിലൂടെയാണ്. 2021ൽ പാലത്തിന് ബലക്ഷയമുണ്ടെന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് കണ്ടെത്തിയതിനെ തുടർന്നാണ് പാലം നവീകരിച്ചത്. Read on deshabhimani.com