നാട്ടുകാർക്ക്‌ ‘ഇരുട്ടടി’; 
പ്രതിഷേധവുമായി എൽഡിഎഫ്‌



ഫറോക്ക് ഭരണക്കാരുടെ അനാസ്ഥകാരണം തെരുവുവിളക്കുകൾ കത്താതെ നാടാകെ ഇരുട്ടിലായതിൽ പ്രതിഷേധിച്ച് ഫറോക്ക് നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുമ്പിൽ ധർണ നടത്തി. "ഇരുട്ടിനെതിരെ പ്രതിഷേധിക്കുക, തെരുവുവിളക്കുകൾ നോക്കുകുത്തിയോ? വെളിച്ചമെവിടെ ഭരണാധികാരികളെ’ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച സമരം സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സി ഷിജു ഉദ്ഘാടനംചെയ്‌തു.  തെരുവുവിളക്കുകളുടെ പരിപാലനത്തിലും പുതിയ ലൈറ്റുകളും ലൈനുകളും സ്ഥാപിക്കുന്നതിനും ഫണ്ട് വകയിരുത്തി ടെൻഡർ ക്ഷണിക്കാതെ യുഡിഎഫ് ഭരണസമിതി അലംഭാവം തുടരുകയാണെന്നാണ്‌ എൽഡിഎഫ് ആരോപണം. ഭരണക്കാരുടെ അനാസ്ഥകാരണം പ്രധാന അങ്ങാടികളും കവലകളും 38 ഡിവിഷനുകളിലെ മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. 2023–-2024 വർഷത്തെ ടെൻഡർ കാലാവധി അവസാനിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും പുതിയ ടെൻഡർ നടപടി ഉണ്ടായിട്ടില്ല. നിലവിലെ ടെൻഡർ പ്രകാരം പ്രവൃത്തി നടത്തുന്നവർക്ക് പുതിയ ടെൻഡർ  വരെ, നിലവിലുള്ളത് നീട്ടിക്കൊടുക്കാനുള്ള സാധ്യതയുണ്ട്‌. ഇത്‌ നിലനിൽക്കേ ഒരു നടപടിയും ഭരണസമിതി സ്വീകരിച്ചിട്ടില്ല. വർഷങ്ങളായി പുതിയ സ്ട്രീറ്റ് ലൈറ്റ് ലൈനുകൾ വലിക്കാൻ ഫണ്ട്‌ വകയിരുത്തുന്നുമില്ലെന്നും എൽഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൗൺസിലർ ഷനൂബിയ നിയാസ് അധ്യക്ഷയായി. കക്ഷി നേതാക്കളായ ഒ ഭക്തവത്സലൻ, കെ ടി മുരളീധരൻ, ജലാലുദ്ദീൻ തങ്ങൾ, ബഷീർ പാണ്ടികശാല,  കൗൺസിലർമാരായ കെ കമറുലൈല, എം സമീഷ് എന്നിവർ സംസാരിച്ചു. കൗൺസിലർ പി ബിജീഷ് സ്വാഗതവും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ പി  സുലൈഖ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News