"ജനാലക്കരികിലെ വികൃതിക്കുട്ടി ടോട്ടോച്ചാൻ ' നവതിയിലേക്ക്



കുന്നമംഗലം > ടോട്ടോച്ചാൻ എന്ന കുറുമ്പുകാരിക്ക് ആഗസ്‌ത്‌ 9 ന് 90 വയസ്സ്‌ തികയുകയാണ്. ലോകമെമ്പാടുമുള്ള അധ്യാപകരെ  തന്റെ മുന്നിലിരിക്കുന്ന കുട്ടിയെ സ്വന്തം മക്കളെപ്പോലെ കാണാൻ പ്രേരിപ്പിച്ച  കൃതിയാണ്  ‘ടോട്ടോച്ചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി'. ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യൂണിസെഫിന്റെ ഗുഡ് വിൽ അംബാസഡറുമായ തെത്സു കോ കുറോയാനഗിയുടെ പ്രശസ്തമായ കൃതിയാണിത്‌.     ടോട്ടോച്ചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ  വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർഥിയായി ടോട്ടോച്ചാൻ ഈ അനുഭവകഥയിൽ നിറഞ്ഞുനിൽക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ  ടൊട്ടോച്ചാനെ നെഞ്ചിലേറ്റിയത്‌  വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ  പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലെയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോച്ചാൻ  പഠനവിഷയമാണ്.   1992ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്താണ്   പുസ്തകത്തിന്റെ ആദ്യ മലയാളപരിഭാഷ പുറത്തിറക്കിയത്. 1997 മുതൽ നാഷണൽ ബുക്ക് ട്രസ്റ്റ് മലയാള പരിഭാഷ പുറത്തിറക്കുന്നുണ്ട് . ടോട്ടാച്ചാന്റെ  നവതി ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പരിഷത്തിന്റെ  ഓൺലൈൻ സയൻസ്‌ പോർട്ടലായ ലൂക്ക. Read on deshabhimani.com

Related News