തദ്ദേശ അദാലത്ത്‌ 
ഇന്നും നാളെയും



കോഴിക്കോട്‌ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങൾക്ക് വേഗത്തിൽ പരിഹാരം ലഭ്യമാക്കാനുള്ള അദാലത്ത്‌ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ശനി നടക്കുന്ന കോർപറേഷൻ തല അദാലത്തിന്റെ ഒരുക്കം പൂർത്തിയായതായി മേയർ ഡോ. ബീനാ ഫിലിപ്പ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  രാവിലെ ഒമ്പത്‌ മുതൽ കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ, മേയർ എന്നിവർ പങ്കെടുക്കും. അഹമ്മദ്‌ ദേവർകോവിൽ എംഎൽഎ അധ്യക്ഷനാകും. കോർപറേഷൻ തലത്തിൽ ഓൺലൈൻ വഴി ഇതുവരെ 369 പരാതി ലഭിച്ചിട്ടുണ്ട്. ബിൽഡിങ് പെർമിറ്റ്, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത എന്നീ വിഷയങ്ങളിലാണ്‌  പരാതി സ്വീകരിക്കുന്നത്. ഓൺലൈനായി പരാതി സമർപ്പിക്കാൻ കഴിയാത്തവർക്ക് അദാലത്ത് വേദിയിലും അപേക്ഷ നൽകാം.  ആറ് പ്രത്യേക കൗണ്ടർ  സജ്ജീകരിച്ചിട്ടുണ്ട്.  പരമാവധി  അന്നേദിവസംതന്നെ പരാതി തീർപ്പാക്കും.  ജില്ലാതലത്തിൽ ഓൺലൈൻ വഴി 1059 പരാതിയാണ് ലഭിച്ചത്. തദ്ദേശസ്ഥാപനതലത്തിൽ അപേക്ഷിച്ചിട്ടും പരിഹാരമാകാത്തവ മാത്രമാണ് പരിഗണിക്കുക. പരാതികൾക്കൊപ്പം അനുബന്ധ രേഖകളും വേണം. കൗണ്ടറിൽ സമർപ്പിച്ച് കൂപ്പൺ കൈപ്പറ്റണം. അദാലത്തിലെത്തുന്നവരുടെ വാഹനങ്ങൾ സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. Read on deshabhimani.com

Related News