സഞ്ചാരികൾ ഒഴുകുന്നു ചാലിയത്തിന്റെ ചാരുത കാണാൻ

ചാലിയം വിനോദസഞ്ചാര കേന്ദ്രത്തിലെ ജനത്തിരക്ക്


ഫറോക്ക് > ചാലിയത്തിന്റെ ചാരുത ആസ്വദിക്കാൻ തീരത്തേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. അവധിദിനങ്ങളിൽ ആയിരങ്ങളാണ്‌ ഇവിടെ തിങ്ങിനിറയുന്നത്‌. തീരത്തേക്കുള്ള വഴികളിലെല്ലാം സഞ്ചാരികൾ നിറഞ്ഞ്‌ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാനാവാത്ത സാഹചര്യവുമുണ്ടാകുന്നു. ടൂറിസം വകുപ്പ് 9.5 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ‘ഓഷ്യനസ് ചാലിയം’ മാതൃകാ ബീച്ച് ടൂറിസം പദ്ധതി ഏതാണ്ട് പൂർത്തിയായി. ഓഷ്യനസ്‌ ചാലിയം ഉദ്ഘാടനത്തിനൊരുങ്ങുംമുമ്പെ തീരം സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രമായി മാറുന്ന കാഴ്‌ചയാണിപ്പോൾ.   തീരത്ത് ഏക്കർ കണക്കിന് സ്ഥലം നിരപ്പാക്കിയാണ്‌ ആകർഷകവും പ്രകൃതിസൗഹൃദവുമായ നിലയിൽ വിനോദത്തിനും വിശ്രമത്തിനും സൗകര്യമൊരുക്കിയത്‌. സമീപത്തെ ചരിത്ര പ്രാധാന്യമേറിയ പോർച്ചുഗീസ് കോട്ടയുടെ ശേഷിപ്പുകളും ലൈറ്റ് ഹൗസും ഈ തീരത്താണ്. ബേപ്പൂർ അഴിമുഖം വഴിയുള്ള ബോട്ടുകളുടെയും വള്ളങ്ങളുടെയും സഞ്ചാരം, ടൂറിസ്റ്റ് ബോട്ട് സർവീസ്‌, ജങ്കാർ, അസ്തമയത്തിന്റെ വർണക്കാഴ്ച എന്നിവയാണ്‌ തീരത്തിന്റെ സവിശേഷതകൾ.   പൂട്ടുകട്ടകൾ പാകിയ വിശാലമായ ബീച്ച് യാർഡ്‌, വിശ്രമകേന്ദ്രങ്ങൾ, ഫുഡ് കഫെകൾ, റിക്രിയേഷൻ ഏരിയ, ഓവർ ഹെഡ്, വിളക്കുകൾ, ഇരിപ്പിടങ്ങൾ, കണ്ടെയ്നർ ശുചിമുറികൾ, നടപ്പാത എന്നിവയെല്ലാം ഇതിനകം ഒരുങ്ങി. പ്രവേശന കവാടവും വൈകാതെ നിർമിക്കും. വിശ്രമകേന്ദ്രങ്ങളും കഫെകളും ഉൾപ്പെടെയുള്ള നിർമാണങ്ങളെല്ലാം തീർത്തത്‌ മുളയിലാണ്.   Read on deshabhimani.com

Related News