സമരപോരാളിക്ക് വിട



നാദാപുരം  നാദാപുരം ഏരിയയിൽ കമ്യൂണിസ്റ്റ്–-കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാൻ നേതൃത്വംനൽകിയ വി ദാമു മാസ്‌റ്റർക്ക്‌ നാടിന്റെ അന്ത്യാഞ്ജലി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചൊവ്വ രാവിലെ 10.30ന്  കുറുവന്തേരിയിലെ വയലിൽ വീട്ടിലായിരുന്നു അന്ത്യം. 1970കളിൽ സംഘർഷ ഭരിതമായിരുന്ന നാദാപുരം മേഖലയിൽ സിപിഐ എം വാണിമേൽ ചെക്യാട് –-വളയം സംയുക്ത ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി ദീർഘകാലം പാർടിയെ നയിച്ചു.  വളച്ചുകെട്ടൽ –- മിച്ചഭൂമി സമരങ്ങളിലും ചെക്കൻ വിളിക്കും പെണ്ണുവിളിക്കുമെതിരെ വാണിമേലിൽ നടന്ന സമരത്തിലും സജീവമായി പങ്കെടുത്തു. മുത്തങ്ങ ചാലിൽ, പൂവ്വംവയൽ മിച്ചഭൂമി സമരത്തിന്റെ നായകരിൽ ഒരാളായിരുന്നു. ഗുണ്ടകളുടെ ക്രൂര മർദനത്തിനിരയായിട്ടുണ്ട്‌. അധ്യാപക സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആറര പതിറ്റാണ്ട്  പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌, ബിഡിസി ചെയർമാൻ, ദീർഘകാലം ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ  പ്രസിഡന്റ്, എൻഎംഡിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, പി പി ചാത്തു, വി പി കുഞ്ഞികൃഷ്ണൻ, എം കുഞ്ഞിരാമൻ, വി കെ ഭാസ്കരൻ എന്നിവർ ചേർന്ന് പതാക പുതപ്പിച്ചു.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ കെ ലതിക, സിപിഐ നേതാക്കളായ സി എൻ ചന്ദ്രൻ, ഇ കെ വിജയൻ  എംഎൽഎ,  സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, എ എം റഷീദ്, കെ കെ സുരേഷ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ, വൈസ്‌ പ്രസിഡന്റ്‌ ടി കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി വി മുഹമ്മദലി, നസീമ കൊട്ടാരത്തിൽ, കെ പി പ്രദീഷ്, യുഡിഎഫ്‌ ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, രജീന്ദ്രൻ കപ്പള്ളി, ടി കെ രാജൻ, എൻ കെ മൂസ, മുഹമ്മദ് ബംഗ്ലത്ത്, മോഹനൻ പാറക്കടവ്, എം കെ അഷ്റഫ്, വത്സരാജ് മണലാട്ട് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. Read on deshabhimani.com

Related News