തെറ്റായ വിവരം നല്‍കി; പെന്‍ഷന്‍ തുക ഉദ്യോഗസ്ഥന് നല്‍കണം
കോഴിക്കോട് പെൻഷൻ സത്യവാങ്മൂലം സമർപ്പിക്കവേ അപേക്ഷകന്റെ പേരിൽ തെറ്റായ വിവരം ചേർത്ത ഉദ്യോഗസ്ഥനിൽനിന്ന് നഷ്ടപ്പെട്ട തുക ഈടാക്കാൻ മന്ത്രിയുടെ നിർദേശം. ചെങ്ങോട്ടുകാവ് പഞ്ചായത്തിലും ഇപ്പോൾ സിവിൽ സ്റ്റേഷനിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥനിൽനിന്നാണ് തുക ഈടാക്കുക. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ താമസക്കാരനായ വിജയൻ കുറ്റ്യാടിയുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ. ഇതോടെ പഞ്ചായത്തിൽ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥൻ തെറ്റായ വിവരം സമർപ്പിച്ചതിനെതുടർന്ന് നഷ്ടമായ പെൻഷൻ തുക വിജയകുമാർ കുറ്റ്യാടിക്ക് ലഭിക്കും. 2017ലാണ് വിജയകുമാർ വികലാംഗ പെൻഷനായി വീണ്ടും സത്യാവാങ്മൂലം സമർപ്പിച്ചത്. എന്നാൽ വിജയകുമാർ ആദായ നികുതിദായകൻ ആണെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ സൈറ്റിൽ രേഖപ്പടുത്തിയതോടെ അപേക്ഷ തള്ളി. പഞ്ചായത്തിൽ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് ലീഗൽ സർവീസസ് അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും പരിഹാരമാകാത്തതോടെയാണ് അദാലത്തിൽ എത്തിയത്. അപേക്ഷ പരിഗണിച്ച മന്ത്രി, ഇതുവരെയുള്ള തുക പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് നൽകാനും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനിൽനിന്ന് ഈ തുക ഈടാക്കാനും ഉത്തരവിട്ടു. ഭാര്യ ലീലക്കൊപ്പം എത്തിയാണ് വിജയകുമാർ ഉത്തരവിന്റെ പകർപ്പ് കൈപ്പറ്റിയത്. Read on deshabhimani.com