പ്രവർത്തനലാഭം 1.41 കോടി
കോഴിക്കോട് സഹകരണ വകുപ്പ് നടത്തിയ 2023–-24 വർഷത്തെ ടീം ഓഡിറ്റിൽ സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം 1.41 കോടി രൂപ പ്രവർത്തന ലാഭം കൈവരിച്ചു. 50 ലക്ഷം രൂപ കെട്ടിട നിർമാണത്തിനായി നീക്കിവച്ചതിനുശേഷമാണ് ഈ ലാഭം കൈവരിച്ചത്. തുടർച്ചയായ മൂന്നാംവർഷമാണ് സിറ്റി പൊലീസ് സൊസൈറ്റി ഒരു കോടി രൂപയ്‌ക്ക് മുകളിൽ ലാഭം കൈവരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിലാണ് 20 വർഷം നീണ്ട യുഡിഎഫ് അനുകൂല ഭരണസമിതിയെ തോൽപ്പിച്ച് നിലവിലെ ഭരണസമിതി ചുമതലയേറ്റെടുത്തത്. ഇതിന് തൊട്ട് മുൻവർഷം 90 ലക്ഷം രൂപ പ്രവർത്തന നഷ്ടത്തിലായിരുന്നു സൊസൈറ്റി. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനം ലഭിച്ചത് സൊസൈറ്റിക്കായിരുന്നു. നിലവിലെ ഭരണസമിതി ഏറ്റെടുത്ത് നടപ്പാക്കിയ പുതിയ പദ്ധതികളും പ്രവർത്തന മികവുമാണ് ഈ അഭിമാന നേട്ടത്തിലേക്ക് എത്തിച്ചത്. നിലവിൽ ക്ലാസ് -മൂന്ന് കാറ്റഗറിയിലായിരുന്ന സംഘത്തെ ക്ലാസ്- രണ്ട് കാറ്റഗറിയിലേക്ക് ഉയർത്താനും നിലവിലെ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്. Read on deshabhimani.com