നാലുവർഷത്തിനുള്ളിൽ പലതവണ മോഷണം, ഒടുവിൽ വലയിൽ



നാലുവർഷത്തിനുള്ളിൽ പലതവണ മോഷണം, ഒടുവിൽ വലയിൽ കോഴിക്കോട്‌ എം ടിയുടെ വീട്ടിലെ ജോലിക്കാരി വലയിലാവുന്നത്‌ പലതവണ മോഷണം നടത്തിയശേഷം. അഞ്ചുവർഷംമുമ്പ്‌ പാചകക്കാരിയായി എത്തിയതാണ്‌  കരുവിശേരി സ്വദേശിനി ശാന്ത. കഴിഞ്ഞ നാല്‌ വർഷത്തിനുള്ളിൽ ഇടക്കിടെ  മോതിരവും വളയും വീട്ടിൽനിന്ന്‌ നഷ്‌ടപ്പെട്ടിരുന്നു. അശ്രദ്ധയിൽ എവിടെയെങ്കിലും നഷ്‌ടപ്പെട്ടതാവാമെന്നാണ്‌ വീട്ടുകാർ കരുതിയത്‌.  കഴിഞ്ഞ 22ന്‌ വീണ്ടും ആഭരണങ്ങൾ നഷ്‌ടപ്പെട്ടതോടെ ശേഷിക്കുന്നവ വേറെ അലമാരയിൽവച്ച്‌ പൂട്ടി താക്കോൽ മാറ്റിവയ്‌ക്കുകയായിരുന്നു. തുടർന്ന്‌ കുറച്ചുദിവസം കുടുംബം വീട്‌ പൂട്ടി പുറത്തുപോയിരുന്നു. മടങ്ങിവന്ന്‌ 29ന്‌ അലമാര തുറന്നപ്പോൾ ആഭരണങ്ങൾ കാണാതായതോടെയാണ്‌ മോഷണമെന്ന്‌ ഉറപ്പിച്ച്‌ പരാതി നൽകിയത്‌. നാലുവർഷ കാലയളവിലാണ്‌ 15 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്‌ടപ്പെട്ടത്‌. വീട്ടിലെ വസ്‌ത്രവും മറ്റും അലമാരയിൽ ക്രമീകരിക്കുന്നതിന്‌ ശാന്ത സഹായിക്കാറുണ്ടായിരുന്നു. ഈ സമയങ്ങളിലാവും ആഭരണങ്ങളിൽ നോട്ടമിട്ടതെന്ന്‌ പൊലീസ്‌ പറയുന്നു. ബന്ധുകൂടിയായ പ്രകാശന്റെ സഹായത്തോടെ കമ്മത്ത്‌ ലൈനിലെ ജ്വല്ലറിയിലാണ്‌ സ്വർണം വിറ്റത്‌. ഇത്‌ കണ്ടെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്‌. ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. വീടിന്റെ പൂട്ട്‌ പൊട്ടിക്കുകയോ ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകുകയോ ചെയ്തിട്ടില്ലായിരുന്നു. അലമാര താക്കോൽ ഉപയോഗിച്ച് തുറന്നതും പരിഗണിച്ച്‌ മോഷ്ടാവ്‌ സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന് പൊലീസ് ഉറപ്പിച്ചു. ചോദ്യംചെയ്യേണ്ടവരെയും രഹസ്യനിരീക്ഷണം നടത്തേണ്ടവരുടെയും  ലിസ്റ്റ് പ്രത്യേകം തയ്യാറാക്കിയായിരുന്നു അന്വേഷണം. വീടുമായി ബന്ധപ്പെടുന്നതിൽ സംശയമുള്ളവരെ കണ്ടെത്താൻ നടക്കാവ്‌ ഇൻസ്പെക്ടർ എൻ പ്രജീഷിന്‌ ചുമതല നൽകി. സബ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ   ജോലിക്കാരെയുൾപ്പെടെ ചോദ്യം ചെയ്യുന്നതിനിടയിലാണ്‌ പ്രതിയിലേക്ക്‌ വേഗത്തിൽ നീങ്ങാനായത്‌.    എം ടിയുടെ ജന്മനാടായ കൂടല്ലൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട്ടെ വിവിധ പ്രദേശങ്ങളിൽ ചെമ്മങ്ങാട്‌ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു മുതിരപ്പറമ്പിൽ, സി കെ സുജിത്ത്, എ പ്രശാന്ത് കുമാർ, രാകേഷ് ചൈതന്യം, നടക്കാവ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്‌ ഇൻസ്പെക്ടർ നിഷ, സീനിയർ സിപിഒമാരായ എം വി ശ്രീകാന്ത്, അജീഷ് പിലിശ്ശേരി, വി കെ ജിത്തു, കെ ഷിജിത്ത്, സി ഹരീഷ് കുമാർ, ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ സുരേഷ്‌ കുമാർ, സീനിയർ സിപിഒമാരായ സിന്ധു, രഞ്ജിത്ത്, ഡ്രൈവർ സിപിഒ രഞ്ജിത്ത് അഴിഞ്ഞിലം എന്നിവർ സംഘത്തിലുണ്ടായി. Read on deshabhimani.com

Related News