നമുക്കിടയില്‍ നമുക്കൊരാളായി

വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്യാനായി മുക്കത്തെ വേദിയിലേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർഥി ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നു 
 ഫോട്ടോ: ബിനുരാജ്


മുക്കം നമുക്കിടയിൽ നമുക്കൊരാളായി സത്യൻ മൊകേരി ഉണ്ടാകും. ആ ഉറപ്പിനൊപ്പം മലയോരമണ്ണ് ഉറച്ച് നിൽക്കും. തിരുവമ്പാടി മണ്ഡലം എൽഡിഎഫ് റാലിക്ക്‌ എത്തിയ ജനസഞ്ചയം നൽകുന്ന വാക്കാണിത്. വയനാട് ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മലയോര മണ്ണ് നൽകിയത് ഉജ്വല സ്വീകരണം.   ന​ഗരഹൃദയത്തിലൊരുക്കിയ പൊതുയോ​ഗപ്പന്തലിലേക്ക് പകൽ മൂന്നോടെതന്നെ ആളുകളെത്തിയിരുന്നു. ഉച്ചച്ചൂടിനെ വകവയ്‌ക്കാതെ വിവിധ കേന്ദ്രങ്ങളിൽനിന്ന് കൊടികളും പ്ലക്കാർഡുമായി പ്രവർത്തകർ പ്രകടനമായെത്തി. അയ്യായിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന പന്തലും കവിഞ്ഞ് സംസ്ഥാന പാതയോരത്തും പന്തലിന് ചുറ്റുഭാഗവും സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിലും  ജനങ്ങൾ തിങ്ങിനിറഞ്ഞു. മലയോരം സമീപകാലത്തൊന്നും കാണാത്ത ജനസഞ്ചയമാണ് റാലിക്ക് എത്തിയത്. വൈകിട്ട് നാലിന്  മുഖ്യമന്ത്രി പിണറായി വിജയനെത്തി. ലിന്റോ ജോസഫ് എംഎൽഎ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. വേദിയിലെത്തി സ്ഥാനാർഥി സത്യൻ മോകേരിയുടെ കൈകൾ ചേർത്തുപിടിച്ച് സദസ്സിനെ അഭിവാദ്യംചെയ്തു. യുവത ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. സദസ്സിലുള്ളവർ കൈയടിയോടെ പിന്തുണ അറിയിച്ചു. ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി റാലി ഉ​ദ്ഘാടനംചെയ്തു. നാടിന്റെ വികസനത്തിലും ക്ഷേമത്തിലുമാണ് എൽഡിഎഫിന് ശ്രദ്ധയെന്നും അതിനായുള്ള പ്രവർ‍ത്തനങ്ങളാണ്   സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  എൽഡിഎഫ് തിരുവമ്പാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി  വിശ്വനാഥൻ അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ,  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി സന്തോഷ് കുമാർ എംപി, ഇ കെ വിജയൻ എംഎൽഎ, സ്ഥാനാർഥി സത്യൻ മൊകേരി,  കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ഐഎൻഎൽ ജില്ലാ സെക്രട്ടറി നാസർ പുതുപ്പാടി,   കെ കെ ലതിക, ടി എം ജോസഫ്   എന്നിവർ സംസാരിച്ചു.  മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ മോഹനൻ സ്വാഗതവും സിപിഐ എം ഏരിയാ സെക്രട്ടറി  വി കെ വിനോദ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News