നഷ്‌ടം കണക്കാക്കാൻ ക്യാമ്പുകൾ
നാദാപുരം വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ നാശനഷ്ടക്കണക്കുകൾ ശേഖരിക്കാൻ വിവിധ വകുപ്പുകൾ മഞ്ഞക്കുന്ന് പാരിഷ് ഹാളിൽ ക്യാമ്പുകൾ ഒരുക്കി. റവന്യു, കൃഷി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളാണ് അപേക്ഷ സ്വീകരിച്ചത്. കാർഷിക നഷ്ടം കണക്കാക്കാൻ കൃഷി ഓഫീസർ അഥീനയുടെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥരും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കണക്കെടുക്കാൻ ഡോ. ശ്രീമേഷും ജീവനക്കാരുമാണ് അപേക്ഷ സ്വീകരിച്ചത്. കെട്ടിടനാശം കാണിച്ചുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദന്റെ നേതൃത്വത്തിലും ഭൂമി സംബന്ധിച്ച പരാതികൾ തഹസിൽദാർ സുബാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലും ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് റോഡ്, പാലം, കെആർഎഫ്ബി, എൽഎസ്ജിഡി മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ ഉരുൾപൊട്ടൽ മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. എല്ലാ വകുപ്പുകളും കണക്കുകൾ ശേഖരിച്ച് അടിയന്തര റിപ്പോർട്ട് തയ്യാറാക്കും. ഞായറാഴ്‌ച മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ഇത് സമർപ്പിക്കും. ഇതിനുശേഷമാകും പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കുക. Read on deshabhimani.com