ഇതാണ് സ്നേഹകവാടം



ബാലുശേരി ‘ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി’ എന്ന കുഞ്ഞുണ്ണിമാഷുടെ കവിതയെ അന്വർഥമാക്കുകയാണ് പനായി കല്ലാട്ട് കോവിലകം പരദേവത ഭദ്രകാളിക്ഷേത്രവും പനായി മഹല്ല് ജുമാ മസ്ജിദും. മാനവികതയ്ക്കും മതസാഹോദര്യത്തിനും പ്രാധാന്യം നൽകി ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും നിർമിച്ച സ്നേഹകവാടം 12ന് രാവിലെ 9.30ന് നാടിന് സമർപ്പിക്കും. ബാലുശേരി –- കൊയിലാണ്ടി റോഡിൽ പനായിയിൽ 200 മീറ്റർ വ്യത്യാസത്തിലാണ് പനായി മഹല്ല് ജുമാ മസ്ജിദും നൂറ്റാണ്ടുകൾ പഴക്കമുള്ള പനായി കല്ലാട്ട് കോവിലകം പരദേവത ഭദ്രകാളി ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. 
രണ്ട് ആരാധനാലയങ്ങളിലേക്കും ഒരു വഴിയാണുള്ളത്‌, ഇനി മുതൽ ഒരു പ്രവേശന കവാടവും.  ക്ഷേത്രകമ്മിറ്റി ഭാരവാഹികളാണ് പള്ളി കമ്മിറ്റി ഭാരവാഹികളുടെ മുന്നിൽ ഈ നിർദേശം വച്ചത്. പള്ളി കമ്മിറ്റി അത്‌ സ്വീകരിച്ചതോടെ ഒരു കവാടമെന്ന ആശയം പ്രാവർത്തികമായി. മതം പറഞ്ഞ്‌ കലഹിക്കുന്നവർക്ക്‌ ഈ മണ്ണിലിടമില്ല എന്ന പ്രഖ്യാപനംകൂടിയാണ് പനായി ഗ്രാമത്തിലെ ഈ സ്നേഹകവാടം. നബിദിനമടക്കമുള്ള ആഘോഷങ്ങൾക്ക് ക്ഷേത്രം മേൽശാന്തി ബാലചന്ദ്രൻ പള്ളിയിലെത്താറുണ്ട്‌. ക്ഷേത്രാഘോഷങ്ങൾക്ക് പള്ളിയിലെ ഉസ്താദ് അബ്ദുൾ നാസർ മുസ്ല്യാരുമെത്തുന്നു. 
ബാങ്കുവിളിയുടെയും നാമജപത്തിന്റെയും ശബ്ദം മാനവ സ്‌നേഹത്തിന്റെതാണെന്ന്‌ ഊട്ടിയുറപ്പിക്കുകയാണ് ഈ സ്നേഹകവാടമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ എൻ പി ബാബുവും പള്ളി കമ്മിറ്റി സെക്രട്ടറി പി ലത്തീഫും പറഞ്ഞു.   Read on deshabhimani.com

Related News