ത്വക്ക് രോഗാശുപത്രിക്ക്‌ മൂന്നുനില കെട്ടിടം: കരട്‌ രൂപരേഖയായി



കോഴിക്കോട്‌ ചേവായൂരിൽ ത്വക്ക് രോഗാശുപത്രിക്കായി ഉയരുന്നത്‌ എല്ലാ സൗകര്യങ്ങളുമുള്ള മൂന്നുനില കെട്ടിടം. 4699.4 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്‌ രൂപരേഖയായി. അവയവദാന ആശുപത്രി വളപ്പിനോട്‌ ചേർന്ന്‌ മൂന്ന്‌ ഏക്കറിലാണ്‌ ത്വക്ക് രോഗാശുപത്രി നിർമിക്കുക. കരട്‌ രൂപരേഖ കിഫ്‌ബിയിൽ സമർപ്പിച്ചിട്ടുണ്ട്‌. അംഗീകാരമായാൽ ടെൻഡറിലേക്ക്‌ കടക്കും.  ആശുപത്രി, സ്‌ത്രീകളുടെയും പുരുഷൻമാരുടെയും വാർഡുകൾ, റിക്രിയേഷൻ ഹാൾ, അടുക്കള, ക്വാർട്ടേഴ്‌സുകൾ, അന്തേവാസികൾക്കുള്ള സാനിറ്റോറിയം എന്നിവയുൾപ്പെടെയാണ്‌ പുതിയ ആശുപത്രി. മൂന്നുനില ആശുപത്രി കെട്ടിടത്തിന്‌ സമാന്തരമായി വാർഡ്‌, സാനിറ്റോറിയം എന്നിവ ഉൾപ്പെടുത്തി രണ്ടുനില കെട്ടിടവുമുണ്ടാവും.     ആറ്‌ ഒപി കൗണ്ടർ, ഫാർമസി, ലാബ്‌, കാത്തിരിപ്പ്‌ കേന്ദ്രം എന്നിവയാണ്‌ താഴത്തെ നിലയിൽ. ഓപ്പറേഷൻ തിയറ്റർ, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുറികൾ, പ്രീ–-പോസ്‌റ്റ്‌ ഒപി മുറികൾ തുടങ്ങിയവ ഒന്നാം നിലയിലും കോൺഫറൻസ്‌ ഹാൾ, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസ്‌ എന്നിവ രണ്ടാം നിലയിലും സജ്ജീകരിക്കും. ഉദയം കേന്ദ്രത്തിനും സൗകര്യമുണ്ടാവും.  സമാന്തര കെട്ടിടത്തിൽ സ്‌ത്രീകൾക്കും പുരുഷൻമാർക്കും 15 വീതം കിടക്കകളുള്ള വാർഡുകൾ, അന്തേവാസികൾക്ക്‌ 40 കിടക്കകളുള്ള സാനിറ്റോറിയം എന്നിവയുണ്ട്‌. നിർവഹണ ഏജൻസിയായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസസ്‌ ലിമിറ്റഡാണ്‌ വിശദപദ്ധതി റിപ്പോർട്ട്‌ (ഡിപിആർ) തയ്യാറാക്കിയത്‌. 50 കോടിയോളം രൂപ ചെലവിട്ടാകും നിർമാണം. നൂറ്റാണ്ടോളം പഴക്കമുള്ള ത്വക്ക് രോഗാശുപത്രിയുടെ കെട്ടിടം നാശത്തിന്റെ വക്കിലാണ്‌. പുതിയ കെട്ടിടം നിർമിക്കുന്ന സാഹചര്യത്തിൽ അടിയന്തര അറ്റകുറ്റപ്പണി മാത്രം നടത്തിയാണ്‌ മുന്നോട്ടുപോകുന്നത്‌.   Read on deshabhimani.com

Related News