ഖാദി തൊഴിലാളികളുടെ 
അനിശ്‌ചിതകാല സമരം തുടങ്ങി

ഖാദി തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം ഖാദി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ ഖാദി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, മിനിമം കൂലി അതത്‌ സ്ഥാപനങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഖാദി ഗ്രാമവ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്‌ മുന്നിൽ അനിശ്‌ചിതകാല സമരം തുടങ്ങി. ഖാദി വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.  ജില്ലയിൽ ഖാദി ബോർഡ്‌ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലായി നൂറിലധികം ഉൽപ്പാദന കേന്ദ്രങ്ങളുണ്ട്‌. 1200 ഓളം തൊഴിലാളികൾ നൂൽപ്പ്‌, നെയ്‌ത്ത്‌ കേന്ദ്രങ്ങളിലായി ജോലി ചെയ്യുന്നുണ്ട്‌. എന്നാൽ മാസങ്ങളായി ആവശ്യമായ സ്ലൈവർ, നൂൽ, റെഡിമെയ്‌ഡ്‌ പാവ്‌ എന്നിവ യഥാസമയം എത്തിക്കാത്തത്‌ കാരണം സ്ഥാപനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ല. പലതും പൂട്ടിക്കിടക്കുകയാണ്‌. ഇതേ തുടർന്ന്‌ തൊഴിലാളികൾക്ക്‌ ജോലിയില്ലാതായി. സ്ഥാപനങ്ങൾ കൃത്യമായി നടത്തുന്നതിന്‌ അധികൃതർ താൽപ്പര്യം കാണിക്കുന്നില്ല. യൂണിയൻ ഭാരവാഹികൾ പലപ്രാവശ്യം നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്‌തെങ്കിലും അനൂകൂലമായ തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ തൊഴിലാളികൾ അനിശ്‌ചിതകാല സമരം ആരംഭിച്ചത്‌.  ജില്ലാ പ്രസിഡന്റ്‌ ടി കെ ലോഹിതാക്ഷൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം എ കെ പത്മനാഭൻ, ജില്ലാ ട്രഷറർ ആർ രഘു, എം ലക്ഷ്‌മി, എം ദേവി, എ പി ശ്രീജ, എൻ പത്മിനി, ഒ സരള, എം ശോഭ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ രാജൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News