പായൽപ്പന്ത്‌ പിടിച്ച്‌ കുട്ടിക്കൂട്ടം



ചേളന്നൂർ കൊക്കെഡാമ എന്ന ജാപ്പനീസ് ചെടിവളർത്തൽ കലാവിരുത് അടുത്തറിയുകയാണ് ചേളന്നൂർ എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ. ‘കൊക്കെഡാമ' എന്ന ആശയത്തിന്റെ ഉത്ഭവം ജപ്പാനിൽ നിന്നാണ്. ‘കൊക്കെ' എന്നാൽ പായൽ എന്നും ‘ഡാമ' എന്നാൽ പന്ത് എന്നുമാണ്‌ അർഥം.  പൂന്തോട്ടങ്ങൾ അലങ്കരിക്കുന്നതിനായി ഇത്തരം പായൽപ്പന്തുകൾ ഉപയോഗിക്കുന്നു. മണ്ണിനെ പായൽകൊണ്ട് പൊതിഞ്ഞ് ചെറിയ ബോളുകളാക്കി അതിൽ ചെടി നട്ടുപിടിപ്പിക്കുന്നു. ശേഷം നൈലോൺ നൂലുകൊണ്ട് കെട്ടിവരിഞ്ഞ് തൂക്കിയിടുന്നു. ഇത്തരം സസ്യങ്ങൾക്ക് ജലം നിലനിർത്താൻ കഴിയും.  ചട്ടികൾ ആവശ്യമില്ലാതെ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചെലവിൽ ചുറ്റുപാടിനെ ഹരിതാഭമാക്കാൻ കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കൊക്കെഡാമ ‘പാവങ്ങളുടെ ബോൺസായി’ എന്നും അറിയപ്പെടുന്നുണ്ട്. സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണ്‌ കൊക്കെഡാമ എന്ന സസ്യപരിപാലന കല വിദ്യാർഥികളിലേക്കെത്തിച്ചത്.  ഭൂമിയുടെ പച്ചപ്പിന്റെ ഒരംശം വീടിനോട് ചേർക്കുമ്പോൾ പരിസ്ഥിതി സൗഹാർദം എന്നതിലുപരി നിരവധി ഗുണങ്ങൾ കുട്ടികൾ തിരിച്ചറിയുന്നു. കുട്ടികൾ നിർമിച്ച ഈ പായൽപ്പന്തുകൾ സ്കൂളിന് അലങ്കാരമായി മാറുകയാണ്. Read on deshabhimani.com

Related News