ഫാം ടൂറിസം പദ്ധതി: ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രത്യേക സൊസൈറ്റി
മുക്കം മലയോരത്ത് ഫാം ടൂറിസം പദ്ധതിയുടെ നിർവഹണത്തിനും മേൽനോട്ടത്തിനുമായി ജില്ലാ പഞ്ചായത്ത് പ്രത്യേക സൊസൈറ്റി രൂപീകരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറായുമായാണ് സൊസൈറ്റി രൂപീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ കഴിഞ്ഞ ദിവസം ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വികസന സ്ഥിരം സമിതി അധ്യക്ഷ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഒരു പ്രതിനിധി, ഒരു കർഷക പ്രതിനിധി എന്നിവരും സൊസൈറ്റിയുടെ വൈസ് ചെയര്‍മാൻമാരായിരിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായി കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫും കർഷക പ്രതിനിധിയായി തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവലും തെരഞ്ഞെടുക്കപ്പെട്ടു. പദ്ധതി നടപ്പാക്കുന്ന മേഖലകളിലെ തദ്ദേശ സ്ഥാപന അധ്യക്ഷർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതിയുടെ ഭാഗമാകുന്ന കർഷകർ എന്നിവർ സൊസൈറ്റി അംഗങ്ങളായിരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഫാം ടൂറിസത്തിനായി പദ്ധതി തയാറാക്കുന്നതും നടപ്പാക്കുന്നതും. പരീക്ഷണാടിസ്ഥാനത്തിൽ കൊടുവള്ളി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലാണ് ഇപ്പോൾ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നത്. Read on deshabhimani.com