ആഗോള നിലവാരത്തിലുള്ള ഷോപ്പിങ് മാൾ കോഴിക്കോട്ട്‌ തുറന്നു

കോഴിക്കോട് ലുലു മാൾ മാങ്കാവിൽ മേയർ ബീന ഫിലിപ്പ് ഉദ്‌ഘാടനംചെയ്യുന്നു


 കോഴിക്കോ‌ട്  മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാൾ മാങ്കാവിൽ തുറന്നു.  ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാൾ തുറന്നിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാൾ.    മേയർ ബീന ഫിലിപ്പ്  ഉദ്ഘാടനം ചെയ്‌തു. മന്ത്രി പി എ മുഹമ്മദ് റിയാസ്  മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.  മികച്ച ടൂറിസ്റ്റ് ഡെസ്‌റ്റിനേഷൻ സാധ്യതയാണ് ലുലു തുറന്നിരിക്കുന്നതെന്ന്‌    മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലുലുവിന് സമീപമുള്ള റോഡുകൾ ഉൾപ്പടെ നഗരത്തിലെ പന്ത്രണ്ട് റോഡുകൾക്ക് നഗര വികസന  പദ്ധതിയിലൂടെ 1300 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.     എം കെ രാഘവൻ എംപിക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.  കെ ജയന്ത്  ആശംസാ സന്ദേശം നൽകി.  ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉൽപ്പന്നങ്ങളും മുൻനിര ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ മുതൽ മലബാറിലെ കാർഷിക മേഖലയിൽ നിന്നുള്ള പഴം പച്ചക്കറി പാൽ ഉൽപ്പന്നങ്ങൾ വരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും.  വീട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോറും പുതുമയാർന്ന ഷോപ്പിങ് സമ്മാനിക്കും. വിപുലമായ ഫുഡ് കോർട്ടാണ് മറ്റൊരു പ്രത്യേകത.     തിങ്കളാഴ്ച പകൽ 11  മുതൽ ഉപഭോക്താക്കൾക്ക് മാളിൽ പ്രവേശിക്കാനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.   ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം എ,  ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി ആൻഡ് സിഇഒ അദീബ് അഹമ്മദ്, ഐടി സംരംഭകൻ ഷരൂൺ ഷംസുദ്ധീൻ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ ഷോപ്പിങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്‌സ് തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News