ഇന്ധന ചോർച്ച; ഡിപ്പോ മാനേജരെ 
മാറ്റിയേക്കും



എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം എലത്തൂർ സംഭരണകേന്ദ്രത്തിൽ ഡീസൽ ചോർന്ന് ഓടയിലൂടെ ഒഴുകിയ സംഭവത്തിൽ നിലവിലെ ഡിപ്പോ മാനേജരെ മാറ്റിയേക്കും. കമ്പനിയുടെയും കേന്ദ്രമന്ത്രാലയത്തിന്റെയും കലക്ടറുടെയും റിപ്പോർട്ടുകളിൽ തികഞ്ഞ അനാസ്ഥ ഡിപ്പോ മാനേജരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായതായി ബോധ്യപ്പെട്ടുവെന്നാണ് വിവരം. തിങ്കളാഴ്ച കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ ഡൽഹിയിൽനിന്ന്‌ പരിശോധനയ്ക്കായി എലത്തൂരെത്തും. കലക്ടർക്ക് നൽകിയ വിശദീകരണക്കുറിപ്പിലും കമ്പനിയുടെ ഭാഗത്ത് വീഴ്ചയുള്ളതായി കമ്പനി തന്നെ സമ്മതിച്ചിരുന്നു.  ചോർച്ച ഉണ്ടായിട്ടും ഡിപ്പോ മാനേജർ പൊലീസിനെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിച്ചിരുന്നില്ല. നാട്ടുകാരാണ് ചോർച്ചയുണ്ടായ വിവരം പൊലീസിനെ അറിയിച്ചത്.  പൊലീസ് എത്തി ഡിപ്പോ മാനേജരെ അറിയിച്ചെങ്കിലും മാനേജരുടെ ഭാഗത്തുനിന്ന്‌ അടിയന്തര ഇടപെടൽ ഉണ്ടായില്ല. ഡിപ്പോ മാനേജരുടെ ഭാഗത്ത് വലിയ അനാസ്ഥയുള്ളതായി നാട്ടുകാരും പറയുന്ന സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ കമ്പനി നടപടിയെടുത്തേക്കും. ഇതിനിടെ വൈകിട്ട് ആറിനുശേഷം ഇനി മുതൽ ടാങ്കറുകളിൽ ഇന്ധനം നിറക്കരുതെന്ന നിർദേശം മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നൽകി.   Read on deshabhimani.com

Related News