ഓണത്തിരക്കിലലിഞ്ഞ്‌ തെരുവുകൾ

ഓണം അടുത്തതോടെ വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറി. കോഴിക്കോട് മിഠായിത്തെരുവിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്


കോഴിക്കോട്  ഓണമെത്തിയതോടെ കോഴിക്കോട്ടെ പ്രധാന കച്ചവടമേഖലയിലെല്ലാം തിരക്കേറി. തെരുവോര കച്ചവടം കൂടി ആരംഭിച്ചാൽ നഗരം തിരക്കിലമരും. മിഠായിത്തെരുവിലും അനുബന്ധിച്ചുള്ള കോർട്ട് റോഡ്, മൊയ്‌തീൻ പള്ളി റോഡ്, മേലേ പാളയം റോഡ് എന്നിവിടങ്ങളിലെല്ലാം പകലും രാത്രിയും ഓണക്കച്ചവടത്തിന്റെ തകൃതിയാണ്‌. കൂടാതെ കോർപറേഷൻ സ്‌റ്റേഡിയത്തിലും നഗരത്തിലെ മറ്റിടങ്ങളിലും ആരംഭിച്ച ചന്തകളിലും വൻതിരക്കാണ്‌.  ഇടക്കിടെ പെയ്യുന്ന മഴയൊന്നും ഇതുവരെ വിപണിയെ ബാധിച്ചിട്ടില്ല. വ്യാപാരികൾ സ്വന്തം നിലയിൽ തെരുവുകളിൽ വൈദ്യുതി ദീപാലങ്കാരം ഒരുക്കിയതോടെ രാത്രി നഗരം പ്രകാശപൂരിതമാണ്‌.  വസ്ത്രവിപണിയും ഇലക്‌ട്രോണിക്‌സ്‌ വിപണിയുമാണ് പ്രധാനമായും ഉണർന്നിരിക്കുന്നത്. ആകർഷകമായ ഓഫറുകളുള്ളതിനാൽ ലോകോത്തര കമ്പനികളുടെ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം. കൂടാതെ ബമ്പർ സമ്മാനവും ഒരുക്കിയിട്ടുണ്ട്‌.   റെഡിമെയ്‌ഡ് വസ്ത്രക്കടകളിലും വിൽപ്പന സജീവമാണ്‌. മിഠായിത്തെരുവിലും ബ്രാൻഡഡ് വസ്ത്രങ്ങളുടെ തെരുവായ ചെറൂട്ടി റോഡിലും നഗരത്തിലെ പ്രധാന ഷോപ്പിങ് മാളുകളിലും ഓണത്തിരക്കേറി. മാങ്കാവിൽ ലുലുമാൾ കൂടി തുറന്നതോടെ അവിടെയും തിരക്കുതന്നെ. നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്‌. വരുംദിവസങ്ങളിൽ ഗതാഗത ക്രമീകരണത്തിനുള്ള ഒരുക്കം പൊലീസും ആരംഭിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News