കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക്
കോഴിക്കോട് ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി തടസ്സപ്പെട്ട കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. ജലവകുപ്പിന്റെ പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയില്‍നിന്നുള്ള പമ്പിങ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് പുനരാരംഭിച്ചു. കോര്‍പറേഷൻ, 13 പഞ്ചായത്തുകൾ, ഫറോക്ക് നഗരസഭ എന്നിവിടങ്ങളിലെ സംഭരണികളിലേക്ക് പൂര്‍ണമായും വെള്ളമെത്തിച്ചു. കാക്കൂരിലെ സംഭരണി 11 ലക്ഷം ലിറ്ററും എരവത്ത്കുന്നിലേത് 1.20 കോടി ലിറ്ററുമാണ് ശേഷി. ഇവയുള്‍പ്പെടെ ഈസ്റ്റ്ഹിൽ, ബേപ്പൂർ, ചെറുവണ്ണൂർ, ഒളവണ്ണ, പെരുമണ്ണ, കക്കോടി, കുരുവട്ടൂർ, നരിക്കുനി, നന്മണ്ട, കുന്നമംഗലം, ബാലുശേരി എന്നിവിടങ്ങളിലെ സംഭരണികളില്‍നിന്ന് ശനി പകല്‍ ജലവിതരണം ആരംഭിച്ചു. പൂര്‍ണതോതിലാണ് പമ്പിങ്ങും വിതരണവും. നാലുദിവസം ജലവിതരണം നിലച്ചതിനാൽ എല്ലാ പൈപ്പ് ലൈനുകളും പൂര്‍ണമായും ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ വിതരണം ആരംഭിച്ചതോടെ താഴ്‌ന്ന പ്രദേശങ്ങളിലാണ് ആദ്യം വെള്ളം കിട്ടിത്തുടങ്ങിയത്. ഉയര്‍ന്ന പ്രദേശങ്ങളിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വെള്ളം ഞായറാഴ്ച ഉച്ചയോടെ എത്തുമെന്ന് ജലവകുപ്പ് അധികൃതര്‍ അറിയിച്ചു. വേങ്ങേരി മുതല്‍ മലാപ്പറമ്പ് വരെയുള്ള ജപ്പാന്‍ കുടിവെള്ള പൈപ്പാണ് മാറ്റി സ്ഥാപിച്ചത്. വെള്ളി രാത്രി ഒമ്പതോടെയാണ് പ്രവൃത്തി പൂര്‍ത്തിയായത്. പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ച സ്ഥലങ്ങള്‍ ജലവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പരിധോധിച്ചു. പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കി. 30 വിദഗ്ധ തൊഴിലാളികള്‍ നാലുദിവസംകൊണ്ടാണ് പ്രവൃത്തി നടത്തിയത്. മണ്ണെടുക്കാനും മറ്റുമായി തൊഴിലാളികള്‍ വേറെയുമുണ്ടായി. പഴയ പൈപ്പുകള്‍ ജലവകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റും. ജലവകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് പ്രവൃത്തി നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്. വേങ്ങേരി ഓവര്‍പാസിന്റെ നിര്‍മാണം ഞായറാഴ്ച പുനരാരംഭിക്കും. Read on deshabhimani.com