മാലിന്യം ഇനി വൈദ്യുതിയാകും



    കോഴിക്കോട്‌ വികസ്വര രാജ്യങ്ങളിലെ മാലിന്യ സംസ്‌കരണത്തിനായി ബിൽ ഗേറ്റ്‌സ്‌ ഫൗണ്ടേഷൻ നടപ്പാക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റ് കോഴിക്കോട്‌ നഗരത്തിലും വരുന്നു. സരോവരത്ത് വാട്ടർ അതോറിറ്റിയുടെ നിർദിഷ്‌ട മലിനജല സംസ്‌കരണ പ്ലാന്റിനോട്‌ ചേർന്നാണ്‌ ബിൽ ആൻഡ്‌ മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ നേതൃത്വത്തിൽ ഹാബിറ്റേറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മലിനജല സംസ്‌കരണപ്ലാന്റ്‌ (എഫ്എസ്ടിപി–-എസ്‌ടിപി) നിർമിക്കുക.  മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഓംനി പ്രൊസസർ സംവിധാനത്തിലാണ്‌ പ്ലാന്റ്‌ പ്രവർത്തിക്കുക. മന്ത്രി എം ബി രാജേഷുമായി ട്രസ്റ്റ്‌ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ പ്ലാന്റ്‌ കോഴിക്കോട്ട്‌ നിർമിക്കാൻ ധാരണയായത്‌. ഇതിനായി കോർപറേഷന്റെ സ്ഥലം നൽകാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. ഉടൻ ഡിപിആർ തയ്യാറാക്കും. തുടർന്ന്‌ മൂന്നുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ്‌ ധാരണ.  വൃത്തിക്കും ജലശുചിത്വത്തിനും ഊന്നൽ നൽകി ബിൽ ഗേറ്റ്‌സ്‌ ഫൗണ്ടേഷൻ വിവിധ രാജ്യങ്ങളിൽ പ്ലാന്റുകൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്‌. ദിവസം 200 കിലോ ലിറ്റർ മലിന ജലവും കക്കൂസ്‌ മാലിന്യവും സംസ്‌കരിക്കും. പ്ലാന്റ്‌ പ്രവർത്തനത്തിന്‌ മണിക്കൂറിൽ 75 കിലോവാട്ട്‌ വൈദ്യുതിയാണ്‌ ആവശ്യം. ഇത്‌ മാലിന്യത്തിൽനിന്ന്‌ ഉൽപ്പാദിപ്പിക്കും.   അങ്കുർ സയന്റിഫിക് എനർജി പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ്‌ സാങ്കേതികവിദ്യ സജ്ജമാക്കുക. 36 കോടി ചെലവിലാണ്‌ നിർമാണം. ആദ്യ ആറുമാസം ഹാബിറ്റേറ്റ് ട്രസ്റ്റ് സൗജന്യമായി പരിപാലനം നടത്തും.  അടുത്ത 10 വർഷം കോർപറേഷൻ പരിപാലിക്കണം. ഇതിനായി കോർപറേഷൻ ജീവനക്കാർക്ക്‌  ട്രസ്‌റ്റ്‌ പരിശീലനം നൽകും. തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ നിലവിൽ ബിൽ ഗേറ്റ്‌സ്‌ ഫൗണ്ടേഷൻ പ്ലാന്റുണ്ട്‌.  ഈ പ്ലാന്റ്‌ വരുന്നതിന്റെ ഭാഗമായി അമൃത് രണ്ടിൽ ഉൾപ്പെടുത്തി സരോവരത്ത്‌ നിർമിക്കാനിരുന്ന മലിനജല പ്ലാന്റിന്റെ ശേഷി 13.5 എംഎൽഡി ആയി കുറയ്‌ക്കും. നേരത്തെ ഇത്‌  27 എംഎൽഡി ആയിരുന്നു.  പ്ലാന്റിലേക്കുള്ള മലിനജലം പൈപ്പ്‌ വഴിയും കക്കൂസ്‌ മാലിന്യം വാഹനത്തിലുമാണ്‌ എത്തിക്കുക. ആധുനിക സാങ്കേതികവിദ്യയും മികവുറ്റ നടത്തിപ്പുമാണ്‌ ബിൽ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ പ്രത്യേകത. ഇത്‌ നഗരത്തിലെ മാലിന്യ സംസ്‌കരണത്തിൽ നിർണായകമാവും. പരിസരപ്രദേശത്തുള്ള പത്ത് വാർഡുകളിൽനിന്നുള്ള മാലിന്യമാണ്‌ ഇവിടെ സംസ്‌കരിക്കുക. Read on deshabhimani.com

Related News