നാടൻ വിഭവങ്ങളുമായി കുടുംബശ്രീ ചന്തകൾ
കോഴിക്കോട് പനമ്പൊടി, ഈന്ത് പൊടി, ചാമ അരി, കുടംപുളി, വിവിധ തരം ചമന്തികൾ... ഓണം പൊടിപൊടിക്കാൻ നാടൻ രുചിമേളമൊരുക്കി കുടുംബശ്രീ. ജില്ലാ മിഷന് കീഴിലും സിഡിഎസ് തലത്തിലുമാണ് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ഓണം മേള. പഴമയുടെ രുചിയാണ് ബീച്ച് ഓപ്പൺ സ്‌റ്റേജിന് സമീപം ആരംഭിച്ച ജില്ലാ മിഷന്റെ മേളയുടെ സവിശേഷത. 10 സ്വാശ്രയ സംഘങ്ങൾ തയ്യാറാക്കിയ, ഗുണവും തനിമയുമുള്ള നൂറിലധികം ഉൽപ്പന്നങ്ങളുണ്ട്. ഭക്ഷ്യവസ്‌തുക്കൾക്ക് പുറമെ വസ്‌ത്രങ്ങൾ, സൗന്ദര്യ വർധകവസ്‌തുക്കൾ എന്നിവയും മിതമായ നിരക്കിൽ കിട്ടും. കേരള സാരി, കോട്ടൺ സാരികൾ, കൈത്തറി സാരികൾ, മുണ്ടുകൾ എന്നിവയുണ്ട്. സൂര്യകാന്തി, ചണവിത്തുകൾ, തണ്ണിമത്തൻ വിത്തുകൾ, പലഹാരങ്ങൾ, നാടൻ അവിൽ, അച്ചാറുകൾ തുടങ്ങിയവയും ഓറഞ്ച് തൊലി പൊടിച്ചത്, ബീറ്റ് റൂട്ട് പൗഡർ, കറ്റാർ വാഴ മോയ്‌ചറൈസർ തുടങ്ങിയ സൗന്ദര്യ വർധക വസ്‌തുക്കളും കുറഞ്ഞ വിലയ്‌ക്ക് വാങ്ങാം. പോഷക സമ്പുഷ്‌ടമായ ചാമ, തിന, നവര, വരഗ്, മുളയരി തുടങ്ങിയവയാണ് മറ്റൊരു ആകർഷണം. ബജ്‌റ, മണിച്ചോളം, കുതിരവാലി മില്ലറ്റ്, മുത്താറി സേമിയ, ചുക്ക് കാപ്പി, ഏലക്ക കോഫി, തേൻ നെല്ലിക്ക, ചെമ്മീൻ ചമ്മന്തി ഇങ്ങനെ ഒട്ടേറെ തനത് വിഭവങ്ങളുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ട് വരെയുള്ള മേള 13ന് സമാപിക്കും. കോർപറേഷൻ കുടുംബശ്രീയുടെ ഓണച്ചന്ത മുതലക്കുളം മൈതാനിയിലാണ്. നാടൻ ഉൽപ്പന്നങ്ങൾക്കൊപ്പം കരകൗശല വസ്‌തുക്കൾ, ശുചീകരണ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, നാടൻ പച്ചക്കറികൾ എന്നിവയുണ്ട്. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ നടക്കുന്ന മേള 14ന് സമാപിക്കും. Read on deshabhimani.com