ജില്ലയില്‍ 150 പഴം-–പച്ചക്കറി വിപണികൾ

ചേളന്നൂരിൽ ‘ഓണസമൃദ്ധി 2024' ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്  കൃഷി വകുപ്പ് നേതൃത്വത്തിലുള്ള ‘ഓണസമൃദ്ധി 2024' പഴം, പച്ചക്കറി വിപണികൾക്ക് തുടക്കം. വിവിധയിടങ്ങളിലായി  150 ചന്തകളാണ് ആരംഭിച്ചത്. 50 ടൺ പഴവും പച്ചക്കറിയും ഈ  ഓണക്കാലത്ത് ജനങ്ങളിലേക്ക് എത്തിക്കും. 14വരെ ചന്ത പ്രവർത്തിക്കും. 81 എണ്ണം കൃഷി ഭവനും 63 എണ്ണം ഹോർട്ടികോർപ്പും ആറെണ്ണം വിഎഫ്‌പിസികെയുമാണ് നടത്തുക. ഹോർട്ടികോർപ്പാണ്‌ നോഡൽ ഏജൻസി. പഞ്ചായത്ത്‌, ന​ഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ കുറഞ്ഞത് ഒരു ചന്ത ഉറപ്പാക്കിയിട്ടുണ്ട്. കൃഷിഭവൻ പരിധിയിൽ ഒരു ചന്ത എന്ന നിലയിലാണ്‌ ക്രമീകരണം. കർഷകരിൽനിന്ന്‌ വിപണി വിലയുടെ 10 ശതമാനം കൂടുതൽ നൽകി ശേഖരിച്ച പച്ചക്കറി പൊതുവിപണിയേക്കാൾ 30 ശതമാനം വരെ വില കുറച്ചാണ്‌ വിൽക്കുക.  കർഷകരിൽനിന്ന് കൃഷിഭവനാണ് പച്ചക്കറി സംഭരിക്കുന്നത്. അധികമായി ലഭിക്കുന്നവ സമീപത്തെ ചന്തകളിലേക്കും മറ്റു ജില്ലകളിലേക്ക്‌ ഹോർട്ടികോർപ്‌ മുഖേനയും നൽകും. മൂന്നാറിൽനിന്ന്‌ ശീതകാല പച്ചക്കറിയും പാലക്കാട്, വയനാട് എന്നിവിടങ്ങളിൽനിന്ന്‌ പച്ചക്കറി വിളകളും പരമാവധി സംഭരിക്കും. തമിഴ്‌നാട്ടിലെ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ സംഘങ്ങളിൽനിന്നും ശേഖരിക്കുന്നുണ്ട്. നാടൻ പച്ചക്കറി, ജൈവ പച്ചക്കറി, വട്ടവട–-കാന്തല്ലൂർ പച്ചക്കറികൾ  പ്രത്യേക ബ്രാൻഡായി വിൽക്കും. ഇഞ്ചി, വെണ്ട, വെള്ളരി, പടവലം, പാവൽ, ചേമ്പ്, പയർ, മത്തൻ, വെള്ളരി, ഏത്തക്കായ്, ഞാലി പൂവൻ, മൈസൂർ പഴം, പപ്പായ തുടങ്ങിയ നാടൻ ഇനങ്ങൾ ചന്തകളിൽനിന്ന് വാങ്ങാം. ജില്ലാതല ഉദ്ഘാടനം ചേളന്നൂരിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  പി ഗവാസ് ആദ്യ വില്പന നടത്തി. ചേളന്നൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ പി പി നൗഷീർ അധ്യക്ഷനായി. Read on deshabhimani.com

Related News