പിടിമുറുക്കി മഞ്ഞപ്പിത്തം: രോഗതീവ്രത കൂടുന്നു
സ്വന്തം ലേഖിക കോഴിക്കോട് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തി ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. പ്രതിദിനം കൂടുതൽപേർ രോഗബാധിതരാവുന്നതിനൊപ്പം രോഗതീവ്രത കൂടുന്നതും ആശങ്കയുണ്ടാക്കുന്നു. ഒക്‌ടോബർ മുതൽ ഇതുവരെ 225 പേർ രോഗബാധിതരാവുകയും രണ്ടുപേർ മരിക്കുകയും ചെയ്‌തു. ഈ മാസം എട്ടുവരെ 44 പേർക്ക് രോഗം ബാധിക്കുകയും കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയുംചെയ്‌തു. മുൻവർഷങ്ങളെക്കാൾ അഞ്ചിരട്ടിലധികമാണ് വർധന. 2022 ൽ 249 പേർക്കാണ് ജില്ലയിൽ ഹെപ്പറ്റൈസിസ് എ ബാധിച്ചിരുന്നത്. ഈ വർഷം രണ്ടര മാസംകൊണ്ട് 479 പേർ രോഗബാധിതരായി. 21 ഉം 47 ഉം വയസ്സുള്ളവരാണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ദിവസവും അയൽ ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ചോ ആറോ പേർ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെടുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്‌തമായി രോഗതീവ്രത കൂടിയതായി ഡോക്ടർമാർ പറഞ്ഞു. ലക്ഷണങ്ങൾ പതിയെ അടങ്ങി, രോഗവിമുക്തിയിലേക്ക് നീങ്ങാറുകയായിരുന്നു പതിവ്. എന്നാൽ അതിൽനിന്ന് വ്യത്യസ്‌തമായി രോഗി ഗുരുതരാവസ്ഥയിലേക്ക് മാറുന്നതായി ഡോക്ടർമാർ പറയുന്നു. കുടിവെള്ളവും ഭക്ഷണവും വഴിയാണ് രോഗപ്പകർച്ച എന്നതിനാൽ ശുചിത്വം ഉറപ്പാക്കൽ രോഗപ്രതിരോധത്തിൽ പ്രധാനമാണ്. സമീപകാലത്ത് ഓരോ പ്രദേശങ്ങളിലും കൂട്ടമായി മഞ്ഞപ്പിത്തബാധയുണ്ടാവുന്നുണ്ട്. വിവാഹം പോലെയുള്ള ചടങ്ങുകൾ, പൊതു കുടിവെള്ള സ്രോതസ്സുകൾ എന്നിവയൊക്കെവഴിയാണ് കൂട്ട രോഗബാധയുണ്ടാവുന്നത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ മഞ്ഞപ്പിത്തരോഗബാധ കൂടുകയാണ്. കുടിവെള്ളം കരുതുകയേ രക്ഷയുള്ളൂ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ കിണറും ശൗചാലയങ്ങളും തമ്മിലുള്ള അകലം കുറഞ്ഞുവരികയാണ്. ഐഐഎസ്‌ആർ, സിഡബ്ല്യുആർഡിഎം തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പരിശോധനയിൽ ഇ - കോളി ഉൾപ്പെടെയുള്ള അണുക്കളെ കുടിവെള്ളത്തിലും കനാൽ വെള്ളത്തിലും കണ്ടെത്തിയിരുന്നു. സ്വന്തം വീട്ടിലെ കിണർ വെള്ളം ആയാലും തിളപ്പിച്ചല്ലാതെ കുടിക്കരുതെന്ന് ഓർമപ്പെടുത്തുകയാണ് പരിശോധനാ ഫലങ്ങളും രോഗബാധയും. Read on deshabhimani.com