ലോ കോളേജ് യൂണിയൻ ഉദ്ഘാടനം മുടക്കാൻ കെഎസ്‌യു ശ്രമം; 2 വിദ്യാർഥികൾക്ക് പരിക്ക്
കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ലോ കോളേജിൽ യൂണിയൻ ഉദ്ഘാടനം തടസ്സപ്പെടുത്താൻ കെഎസ്‌യു ശ്രമം. തടയാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കോളേജ് വൈസ് ചെയർപേഴ്സൺ കെ പി ഗോപിക, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഹരി നന്ദരാജ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം പുലർച്ചെ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനായി ബാനർ കെട്ടുകയായിരുന്ന എസ്എഫ്ഐക്കാരെ സമീപത്ത് മദ്യപിച്ചെത്തിയ കെഎസ്‌യു പ്രവർത്തകർ തടയാൻ ശ്രമിച്ചിരുന്നു. വിവരമറിഞ്ഞ് കൂടുതൽ എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ കെഎസ്‌യു പ്രവർത്തകർ പിന്മാറി. വ്യാഴം രാവിലെ കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് തുടക്കം കുറിക്കുന്നതിനിടെ വീണ്ടും സംഘടിച്ചെത്തിയ കെഎസ്‌യു പ്രവർത്തകർ ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രിൻസിപ്പലിനെ വിളിക്കാനെത്തിയ ഗോപികയെയും ഹരി നന്ദരാജിനെയും കെഎസ്‌യു പ്രവർത്തകർ മർദിക്കുകയായിരുന്നു. ഉച്ചയോടെ യൂണിയൻ ഉദ്ഘാടനത്തിനായി സച്ചിൻ ദേവ് എംഎൽഎ എത്തുമ്പോഴും കെഎസ്‌യു പ്രവർത്തകർ പ്രകോപനമുയർത്തിയിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണത്തോടെയാണ് യൂണിയൻ ഉദ്ഘാടനം നടത്തിയത്. Read on deshabhimani.com