87 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി



കോഴിക്കോട്‌ നാടിന്റെ വികസനക്കുതിപ്പിന് ആക്കംകൂട്ടി ദേശീയപാത വികസനം. ജില്ലയില്‍ 87 ശതമാനം പ്രവൃത്തികളും പൂർത്തിയായി. ദേശീയപാത വെങ്ങളം–-രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവ്‌, അഴിഞ്ഞിലം, തൊണ്ടയാട്‌, രാമനാട്ടുകര  മേൽപ്പാലങ്ങള്‍ തുറന്നു. ബാക്കിയുള്ള പാലങ്ങളും മേല്‍പ്പാലങ്ങളും അടുത്ത മാസം മുതല്‍ തുറന്നുകൊടുക്കും. വെങ്ങളം, പൂളാടിക്കുന്ന്‌ മേൽപ്പാലങ്ങളുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്‌. 70 ശതമാനം നിർമാണം പൂർത്തിയായി. കോരപ്പുഴ, പുറക്കാട്ടിരി, അറപ്പുഴ, മാമ്പുഴ എന്നിങ്ങനെ നാല്‌ പാലങ്ങളില്‍ മാമ്പുഴ പാലം നിർമാണം പൂർത്തിയായി. പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് തുറന്നുനല്‍കും. പുറക്കാട്ടിരി നിര്‍മാണം പകുതിയായി.  അറപ്പുഴ, കോരപ്പുഴ പാലങ്ങളുടെ ​ഗാര്‍ഡറുകള്‍ തയ്യാറായിട്ടുണ്ട്. ഇവ പിടിപ്പിക്കുന്നതിന്റെയും സ്ലാബുകളുടെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്.   വേങ്ങേരിയിലെ വെഹിക്കിൾ ഓവർ പാസ്‌ നിർമാണം 80 ശതമാനം കഴിഞ്ഞു. 15ന് തുറക്കാനായിരുന്നു പ​ദ്ധതി. എന്നാല്‍ അപ്രതീക്ഷിത മഴ വില്ലനായി. എന്നാലും 22നകം തുറന്നുനല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.  വേങ്ങേരിയിൽ ഓവർ പാസ്‌  പൂര്‍ത്തിയായി കോഴിക്കോട്‌–-ബാലുശേരി റോഡ്‌ തുറന്നാല്‍, അടുത്ത ദിവസം  മലാപ്പറമ്പ്‌ വെഹിക്കിൾ ഓവർപാസ്‌ നിർമാണം ആരംഭിക്കും. രണ്ടിടത്തും ഒരേസമയം പ്രവൃത്തി നടത്തിയാല്‍ ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാകുന്നതിനാലാണ് ഇടവിട്ട് നടത്തുന്നത്.  ജില്ലയിൽ 71.3 കിലോമീറ്റർ ദൂരത്തിലാണ്‌ ദേശീയപാത കടന്നുപോകുന്നത്‌. അഴിയൂർ – വെങ്ങളം റീച്ചിൽ വടകരയിൽ മേൽപ്പാലത്തിന്റെ തൂണുകളുടെ ഫൗണ്ടേഷൻ പ്രവൃത്തി പുരോഗമിക്കുകയാണ്‌. മഴ മാറുന്നതോടെ നിർമാണത്തിന്‌ വേഗം കൂടും. അഴിയൂർ–- വെങ്ങളം റീച്ചിലെ പ്രവൃത്തി അടുത്ത മേയിൽ പൂർത്തിയാക്കും.  സംസ്ഥാന സർക്കാർ "മിഷൻ 2025' പദ്ധതി രൂപീകരിച്ചതോടെയാണ് പ്രവൃത്തികൾ ദ്രുതഗതിയിലായത്. Read on deshabhimani.com

Related News