വെള്ളക്കെട്ട്: പൂവാടൻ ഗേറ്റ് അടിപ്പാത അടച്ചു
സ്വന്തം ലേഖകൻ വടകര വെള്ളം കയറിയതിനാൽ പൂവാടൻ ഗേറ്റ് അടിപ്പാത റെയിൽവേ അടച്ചു. മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പൂവാടൻ ഗേറ്റ് അടിപ്പാതയിലൂടെ കഴിഞ്ഞ ദിവസം താൽക്കാലികമായി വാഹന ഗതാഗതം ആരംഭിച്ചത്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയാണ് ഗതാഗതം ആരംഭിച്ചതെങ്കിലും വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വെള്ളം പുറത്തേക്ക് പോകാതായതോടെ വാഹനങ്ങൾ അടിപ്പാതയിൽ കുടുങ്ങി. വ്യാഴം രാവിലെ അതുവഴിവന്ന കാറിന്റെ എൻജിനിൽ വെള്ളം കയറി. നിന്നുപോയ കാർ നാട്ടുകാർ തള്ളി പാതയുടെ പടിഞ്ഞാറുഭാഗത്തേക്ക് മാറ്റി. ഇതോടെയാണ് റെയിൽവേ പാത അടച്ചത്. അശാസ്ത്രീയ നിർമാണമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി നിലച്ചാൽ ഓട്ടോമാറ്റിക് സംവിധാനവും നിലയ്‌ക്കും. വൈദ്യുതി നിലച്ചാൽ യന്ത്രഭാഗം കൈക്കൊണ്ട് പ്രവർത്തിപ്പിച്ചാലേ വെള്ളക്കെട്ട് ഒഴിവാകുകയുള്ളു. അടിപ്പാത നിർമാണം അനിശ്‌ചിതമായി നീണ്ടതിനെ തുടർന്ന് ജനകീയ പ്രക്ഷോഭം ഉയർന്നപ്പോഴാണ് അധികൃതർ പാത ഗതാഗതത്തിന് തുറന്നുകൊടുത്തത്. Read on deshabhimani.com