ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും



  നാദാപുരം  ഉരുൾപൊട്ടൽ നാശം വിതച്ച വിലങ്ങാട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സന്ദർശിച്ചു.  ഉരുൾപൊട്ടലിൽ വീടുകളും റോഡുകളും കടകളും ഉൾപ്പെടെ ഒലിച്ചുപോയ മഞ്ഞച്ചീളിയിൽ തിങ്കൾ രാവിലെ പത്തോടെയാണ്‌ ചീഫ്‌ സെക്രട്ടറി എത്തിയത്‌.   വീടുകളും ഉപജീവനോപാധികളും നഷ്ടപ്പെട്ടവരും പ്രദേശവാസികളും പരാതികളും ആശങ്കകളും പങ്കുവച്ചു. സന്ദർശനത്തിന് ശേഷം വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അവലോകനയോഗം ചേർന്നു.  ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാവുമെന്നും രേഖകൾ വീണ്ടെടുക്കാനുള്ള അദാലത്തുമായി ബന്ധപ്പെട്ട് അപേക്ഷിച്ചവർക്ക്  രേഖകൾ കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും ചീഫ്‌ സെക്രട്ടറി നിർദേശിച്ചു. കൃഷിയോഗ്യമായ ഭൂമിക്ക് സാധാരണ നഷ്ടപരിഹാരവും അല്ലാത്തവയ്‌ക്ക്‌ അതിന്റെ  അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരവും നൽകണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഷ്ടമായ തൊഴിൽ  ഉറപ്പാക്കണം. തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രദേശത്ത് പ്രത്യേക പദ്ധതിയും നടപ്പാക്കണം. പ്രദേശത്ത് അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ക്വാറി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ തഹസിൽദാർക്ക് നിർദേശവും നൽകി. യോഗത്തിൽ വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വളയം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, വൈസ് പ്രസിഡന്റ് സൽമ രാജു, ഡെപ്യൂട്ടി കലക്ടർ, ഇ അനിതകുമാരി, വടകര ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ, തഹസിൽദാർ ഡി രഞ്ജിത്ത്, ജനപ്രതിനിധികളായ ഷാജു ടോം, ജാൻസി കൊടിമരത്തിൻ മൂട്ടിൽ, പി ശാരദ, അൽഫോൺസ റോബിൻ, എം കെ മജീദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News