ബഹിരാകാശത്തെ തൊട്ടറിയാം

കലക്ടർ സ്നേഹിൽ കുമാർ സിങ്‌ ബഹിരാകാശ പ്രദർശനം കാണുന്നു


കോഴിക്കോട്‌ വിദ്യാർഥികൾക്കായുള്ള മൂന്നുദിവസത്തെ ബഹിരാകാശ പ്രദർശനത്തിന്‌ മേഖലാ ശാസ്ത്രകേന്ദ്രത്തിൽ തുടക്കമായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) ചരിത്രവും വളർച്ചയിലെ സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.      വിവിധ മാതൃകകൾ, പോസ്റ്ററുകൾ, വീഡിയോ എന്നിവയിലൂടെയാണ് ചരിത്രനേട്ടങ്ങൾ വിശദീകരിക്കുന്നത്. എ പി ജെ അബ്ദുൽ കലാമിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനം കലക്ടർ സ്നേഹിൽ കുമാർ സിങ്‌ ഉദ്ഘാടനംചെയ്തു.  ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ റോക്കറ്റായ രോഹിണി -75ന്റെ മാതൃക, എസ്എൽവി മുതൽ എസ്എസ്എൽവി വരെയുള്ള സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിളിന്റെ വിവിധ മാതൃകകൾ, ആര്യഭട്ടയുടെ മാതൃക, ഐഎസ്ആർഒ ഏറ്റെടുത്ത സുപ്രധാന പദ്ധതികളായ ചന്ദ്രയാൻ -1, ഗഗൻയാൻ, എഡ്യുസാറ്റ് തുടങ്ങിയവയുടെ സംക്ഷിപ്ത വിവരങ്ങൾ, എങ്ങനെയാണ് ഉപഗ്രഹം ഭൂമിയെ ചുറ്റുന്നത്, സാറ്റലൈറ്റിന്റെ പ്രവർത്തനരീതികൾ, റിമോട്ട് സെൻസിങ്‌ സാറ്റലൈറ്റുകൾ, സൗണ്ടിങ്‌ റോക്കറ്റുകൾ, തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങളടങ്ങിയ പവലിയനാണ് ഒരുക്കിയത്. പ്രോജക്ട്‌ കോ ഓർഡിനേറ്റർ എം എം കെ ബാലാജി,  ഐഎസ്ആർഒയിലെ റിട്ട. ശാസ്ത്രജ്ഞൻ ഇ കെ കുട്ടി, കെ ബിനോജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News