മരബോട്ടുകൾ കൂട്ടത്തോടെ പൊളിക്കുന്നു

മീൻപിടിത്തത്തിനുപയോഗിച്ചിരുന്ന കാലാവധി കഴിഞ്ഞ മരബോട്ടുകൾ പൊളിക്കുന്നു


ഫറോക്ക് മീൻപിടിത്തത്തിനുപയോഗിച്ചിരുന്ന കാലാവധി കഴിഞ്ഞ മരബോട്ടുകൾ പൊളിക്കുന്നു. ഇതിനു പകരം ഇരുമ്പുബോട്ടുകൾ നിർമിക്കാൻ  ലക്ഷങ്ങൾ ചെലവുവരുന്നതിനാൽ  പലരും പുതിയ ബോട്ടുകൾ നിർമിക്കുന്നില്ല. ജില്ലയിൽ  ഇരുനൂറോളം മരബോട്ടുകളാണ് ട്രോളിങ് നിരോധന കാലയളവിൽ പൊളിക്കുന്നത്.രജിസ്‌റ്റർ ചെയ്യപ്പെട്ട അറുനൂറോളം  ബോട്ടുകളുള്ള ബേപ്പൂരിൽ മാത്രം ഇതിനകം നൂറോളം മരബോട്ടുകൾ പൊളിച്ചതായാണ്‌ വിവരം.     ട്രോളിങ് നിരോധനം അവസാനിക്കാൻ  രണ്ടാഴ്ച അവശേഷിക്കെ ചുരുക്കം ബോട്ടുടമകൾ മാത്രമാണ്‌ പുതിയവ നിർമിച്ചിട്ടുള്ളത്‌.   ഇവരിൽത്തന്നെ ഭൂരിഭാഗം ബോട്ടുടമകളും പുതിയതിന്റെ  നിർമാണം പൂർത്തിയാക്കാൻ മതിയായ സാമ്പത്തികമില്ലാതെ ഉഴലുകയാണ്. പുതിയ ഇരുമ്പുബോട്ടുകൾ പണിയാൻ വൻ സാമ്പത്തിക ചെലവുണ്ട്. 26 അടി നീളമുള്ള ചെറിയ ഇരുമ്പുബോട്ടിന് 30 ലക്ഷവും 45 അടിയുടേതിന് 60 ലക്ഷവും 100 അടിയുള്ള വലിയ ബോട്ടിന് ഒന്നര കോടിയിലേറെയും ചെലവ് വരും. ഇതിലെ വലകൾ, ശീതീകരണ സംവിധാനം തുടങ്ങിയവയ്ക്കായി ലക്ഷങ്ങൾ വരും. സമീപകാലത്ത് കാലാവസ്ഥാ വ്യതിയാനവും  മത്സ്യക്ഷാമവും കാരണം  മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ ബോട്ടുടമകൾ  കടക്കെണിയിലാണ്. ഇതിനൊപ്പം പുതിയ ബോട്ടുനിർമാണം  കൂടിയാകുന്നതോടെ ഉടമകൾ കടുത്ത സാമ്പത്തിക ബാധ്യതയിലാകും. പൊളിച്ച ബോട്ടുകളുടെ എണ്ണത്തത്തിന്റെ പകുതി പോലും   നിർമിക്കാൻ  സാധ്യതയില്ലെന്നാണ് മത്സ്യമേഖലയിൽനിന്ന്‌ ലഭിക്കുന്ന വിവരം.  കാലാവധി കഴിഞ്ഞ മരബോട്ടുകൾക്ക്‌ പകരം ഇരുമ്പുബോട്ടുകൾ നിർമിക്കാൻ ഫിഷറീസ് വകുപ്പ് 15 ലക്ഷം രൂപ   നൽകുന്നുണ്ട്. ഇതിനായി ജില്ലയിലെ നൂറിലേറെ അപേക്ഷകരിൽനിന്നായി തെരഞ്ഞെടുത്ത 60 പേരിൽനിന്ന്‌ 13 ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് ആദ്യ ഗഡു നൽകി. Read on deshabhimani.com

Related News