വരുമാനം കൂടി, ഗ്രേഡ് ഉയര്‍ന്നു
കൊയിലാണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും പരിഗണിച്ച് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ന്നു. പുതിയ സ്ഥാന പട്ടികയനുസരിച്ച് കാസർകോട്, പയ്യന്നൂര്‍, കൊയിലാണ്ടി, ഒറ്റപ്പാലം, തിരുവല്ല, വര്‍ക്കല സ്റ്റേഷനുകളാണ് നോണ്‍ സബ് അര്‍ബന്‍ ഗ്രൂപ്പ്- എന്‍എസ്ജി മൂന്ന് എന്ന ഗ്രൂപ്പില്‍ ഇടം പിടിച്ചത്. കൊയിലാണ്ടി നേരത്തെ എന്‍എസ്ജി നാലിലായിരുന്നു. 100 കോടി രൂപ വരെ വരുമാനമുള്ള സ്റ്റേഷന്റെ നിലയിലേക്കാണ് കൊയിലാണ്ടി ഉയർന്നത്. ഗ്രേഡ് മൂന്നിലുള്ള സ്റ്റേഷനുകള്‍ മിക്കതും ‘അമൃത് ഭാരത്’ പദ്ധതിയില്‍പ്പെടുത്തി വികസിപ്പിക്കുന്നുണ്ട്. ഗ്രേഡ് ഉയര്‍ന്ന സ്ഥിതിയ്ക്ക് കൊയിലാണ്ടിയില്‍ കൂടുതല്‍ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും സ്റ്റേഷന്റെ ഭൗതിക നില മെച്ചപ്പെടുത്താനും സാധ്യതയേറുകയാണ്. മംഗലാപുരം–- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്, കണ്ണൂര്‍–- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് എന്നിവയ്‌ക്ക് സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിക്കും. പ്രതിവാര വണ്ടികളായ തിരുവനന്തപുരം–- -വെരാവല്‍ എക്‌സ്‌പ്രസ്, നാഗര്‍കോവില്‍–-ഗാന്ധിധാം എക്‌സ്‌പ്രസ്, കൊച്ചുവേളി–-ശ്രീഗംഗാനഗര്‍ എക്‌സ്‌പ്രസ് എന്നിവയുടെ ഒരുവശത്തേക്കുള്ള സ്റ്റോപ്പ് കോവിഡിന് ശേഷം എടുത്തു മാറ്റിയിട്ടുണ്ട്. ഈ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം. നേത്രാവതി എക്‌സ്‌പ്രസ്, മംഗലാപുരം–- -ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസ് എന്നിവക്കും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണം. ടിക്കറ്റ് റിസര്‍വേഷേന്‍ വര്‍ധിപ്പിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും ആവശ്യമായ നടപടി വേണം. മിക്ക വണ്ടികളുടെയും മുന്നിലെയും പിന്നിലേയും ബോഗികൾ നിൽക്കുക പ്ലാറ്റ്ഫോമിന് മേല്‍ക്കൂരയില്ലാത്ത ഭാഗത്താണ്. ഇതിന് പരിഹാരമായി പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂരകൾ ഇരു ഭാഗത്തേക്കും നീട്ടണം. ആവശ്യത്തിന് ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ള സംവിധാനം, കൂടുതല്‍ പാര്‍ക്കിങ് സൗകര്യം, തെരുവ് വിളക്കുകള്‍, റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് പുനരുദ്ധാരണം എന്നിവയും മികവുറ്റതാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. Read on deshabhimani.com