ജഡ്ജി സമൂഹത്തിന്റെ സ്പന്ദനമറിയണം: ജസ്റ്റിസ് സി ടി രവികുമാര്‍

അഡ്വ. കെ ഭാസ്‌കരന്‍ നായര്‍ അനുസ്മരണസമ്മേളനവും അവാര്‍ഡ് വിതരണവും സുപ്രീംകോടതി ജസ്റ്റിസ് സി ടി രവികുമാർ ഉദ്ഘാടനം ചെയ്യുന്നു


 കോഴിക്കോട് കക്ഷിക്ക് അനുകമ്പ കൊടുക്കേണ്ട തീരുമാനം മനസ്സിൽനിന്ന് വരേണ്ടതായതിനാൽ സമൂഹത്തിന്റെ സ്പന്ദനമറിയുന്നവനാകണം ന്യായാധിപനെന്ന് സുപ്രീംകോടതി ജസ്റ്റിസ് സി ടി രവികുമാർ പറഞ്ഞു. കലിക്കറ്റ് ബാർ അസോസിയേഷൻ ഹാളിൽ അഡ്വ. കെ ഭാസ്കരൻ നായർ  അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ന്യായാധിപന്റെ മനസ്സിൽ കേസ് തീരുമാനിക്കുമ്പോഴുണ്ടാവണം. ജാമ്യവുമായി ബന്ധപ്പെട്ട കേസുകളാണ് സുപ്രീംകോടതിയിൽ അധികവുമെത്തുന്നത്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ‘ബെയിലാണ് ജയിലല്ല’ നിയമമെന്ന വിധി ഇവിടെ പ്രസക്തമാണെന്നും ജസ്റ്റിസ് സി ടി രവികുമാർ പറഞ്ഞു.  നിയമപഠനത്തിൽ ഉയർന്ന മാർക്ക് നേടിയ അഡ്വ. വി വിസ്മയ പുരസ്കാരവും അഡ്വ. നിവേദ്യ ഗോപി, അഡ്വ. പ്രസാദ് എന്നിവർ സ്‌കോളർഷിപ്പും ഏറ്റുവാങ്ങി.  കെ ഭാസ്കരൻ നായർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന അനുസ്-മരണത്തിൽ കലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം ജി അശോകൻ അധ്യക്ഷനായി. അഡ്വ. ആർ ബസന്ത്, അഡ്വ. ഡി വി നാരായണൻ, അഡ്വ. പി എസ് മുരളി, അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത്, അഡ്വ. ശ്രീകാന്ത് സോമൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News