മണിമല ആക്ടീവ് പ്ലാനറ്റിലെ തൊഴിലാളി സമരം ഒത്തുതീർപ്പായി
വേളം മണിമല ആക്ടീവ് പ്ലാനറ്റ് പാർക്കിലെ തൊഴിലാളികൾ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം ഒത്തുതീർപ്പായി. വേതനം വർധിപ്പിക്കുക, ജോലിസമയം 8 മണിക്കൂറായി കുറക്കുക, മിനിമം ബോണസ് നൽകുക, ലീവ് ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നിരവധിതവണ മാനേജ്മെന്റിന് നോട്ടീസ് നൽകിയിട്ടും ചർച്ചക്ക് തയ്യാറാവാത്തതിനെ തുടർന്നാണ് യൂണിയൻ സമരം നടത്തിയത്. ശമ്പളം 20 ശതമാനം വർധിപ്പിക്കാനും ജോലിസമയം ഒരു മണിക്കൂർ കുറക്കാനും ബോണസ് ഉൾപ്പെടെ മറ്റാവശ്യങ്ങളും പരിഗണിക്കുമെന്ന് മാനേജ്മെന്റ് ചർച്ചയിൽ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പായത്. സിഐടിയു കുന്നുമ്മൽ ഏരിയാ സെക്രട്ടറി എ എം റഷീദ് ഉദ്ഘാടനംചെയ്തു. ഒ പി വിനോദൻ അധ്യക്ഷനായി. കെ ടി രാജൻ, പി വത്സൻ, എഐടിയുസി നേതാവ് സി രാജീവൻ, പി പി ബാബു, എം ഷിജിന, ഇ കെ നാണു, പി എം കണാരൻ, എം വിനീഷ്, വി പി ശ്രീജിത്ത്, കെ കെ സത്യൻ, സി എം ഗോപാലൻ, പി വി രാജൻ എന്നിവർ സംസാരിച്ചു. സി എം കുമാരൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com