വാട്ടർ ഫെസ്റ്റിന് മുമ്പേ മറീന ബീച്ചിന് പുതുമുഖം

നവീകരിച്ച ബേപ്പൂർ മറീന ബീച്ച്


സ്വന്തം ലേഖകൻ ഫറോക്ക് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് മുമ്പെ ഫെസ്റ്റിന്റെ മുഖ്യവേദിയായ ബേപ്പൂർ മറീന ബീച്ച് ടൂറിസം നവീകരണ പദ്ധതിയുടെ ഉദ്ഘാടനം 19ന്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 9.94 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ‘ബേപ്പൂർ ആൻഡ് ബിയോൻഡ് ബേപ്പൂർ’ ഒന്നാംഘട്ട ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 6.30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ശ്രദ്ധ നേടിയ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് -നാലാം പതിപ്പ് 27, 28, 29 തീയതികളിലാണ്. ഇതിന് മുമ്പെ ബേപ്പൂർ മറീന തീരത്തിന്റെ നവീകരണം പൂർത്തിയാക്കി പുതുമോടിയിലാക്കിയതിനൊപ്പം തീരത്തെത്തുന്നവർക്ക്‌ കൂടുതൽ സൗകര്യവുമൊരുങ്ങി. വാട്ടർ ഫെസ്റ്റിന്റെ മുഖ്യവേദിയായ ചാലിയാറും കടലും ചേരുന്ന തീരത്തെ സൗകര്യം വർധിപ്പിക്കുന്നതിനും തീരത്ത് വിനോദത്തിനെത്തുന്നവരുടെ സുരക്ഷക്ക്‌ പ്രാധാന്യം നൽകിയുമാണ് നവീകരണ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി കടലിലേക്ക് ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ട്  സൗന്ദര്യവൽക്കരണം, ഇരിപ്പിടങ്ങൾ, വിശാലമായ യാർഡിൽ കൂടുതൽ ഇരിപ്പിടങ്ങൾ, തീരത്ത് റാമ്പുകൾ, ചവിട്ടുപടികൾ, പ്ലാസ്റ്റർ ബോക്സുകൾ, ഡ്രെയ്നേജ്, ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവയൊരുക്കിയിട്ടുണ്ട്. വിശാലമായ തീരത്ത്‌ നിറയെ അലങ്കാര വിളക്കുകളും സ്ഥാപിച്ചതോടെ മറീന തീരം പൂർണമായി മാറിക്കഴിഞ്ഞു. മറീന തീരത്ത് അടിസ്ഥാന സൗകര്യം ഉൾപ്പെടെ വർധിപ്പിച്ച് നവീകരിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കിയാണ് ഒന്നാംഘട്ട നവീകരണ പദ്ധതി നടപ്പാക്കിയത്. Read on deshabhimani.com

Related News