പ്ലസ് വണ്ണിന് 40,962 സീറ്റ്
കോഴിക്കോട് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ജില്ലയിൽ പ്ലസ്വണ്ണിനുള്ളത് 40,962 സീറ്റുകൾ. 29,206 മെരിറ്റ് സീറ്റുകളുണ്ട്. ജില്ലയിൽ ഞായറാഴ്ച വൈകിട്ട് ഏഴ് വരെ 43,691 പേർ പ്ലസ്വണ്ണിന് അപേക്ഷിച്ചു. 64 സർക്കാർ സ്കുളുകളും 86 എയ്ഡഡ് സ്കൂളുകളും 26 അൺ എയ്ഡഡ് സ്കൂളുകളും രണ്ട് സ്പെഷ്യൽ സ്കൂളുകളും ഒരു ടെക്നിക്കൽ സ്കൂളുകളുമടക്കം 179 ഹയർ സെക്കൻഡറി സ്കൂളുകളിലായി ആകെ 677 ബാച്ചുകളുണ്ട്. ഇതിൽ സർക്കാർ സ്കൂളുകളിൽ 109 സയൻസും 73 ഹ്യുമാനിറ്റീസും 78 കൊമേഴ്സുമടക്കം 260 ബാച്ചുണ്ട്. എയ്ഡഡ് സ്കൂളുകളിലെ 324 ബാച്ചുകളിൽ 158 സയൻസ് കോമ്പിനേഷനാണ്. 61 ഹ്യുമാനിറ്റീസിന്റെയും 105 കൊമേഴ്സിന്റെയും ബാച്ചുകൾ എയ്ഡഡ് സ്കൂളുകളിലുണ്ട്. അൺഎയ്ഡഡിൽ 93 ബാച്ചുകളും ഇത്തവണയുണ്ട്. ജില്ലയിൽ ആകെ 318 സയൻസും 146 ഹ്യുമാനിറ്റീസും 213 കൊമേഴ്സും ബാച്ചുകളാണ് ഒരുക്കിയത്. 29,206 മെരിറ്റ് സീറ്റുകളിൽ 13,097 എണ്ണം സയൻസിനാണ്. 7049 ഹ്യുമാനിറ്റീസ്, 9060 കൊമേഴ്സ് എന്നാണ് മെരിറ്റ് സീറ്റുകളുടെ എണ്ണം. മാനേജ്മെന്റ് ക്വോട്ടയിൽ സയൻസ് 1896, ഹ്യുമാനിറ്റീസ് 732, കൊമേഴ്സ് 1260 സീറ്റുകളും കമ്യൂണിറ്റി ക്വോട്ടയിൽ സയൻസിന് 1572ഉം ഹ്യുമാനിറ്റീസിന് 624ഉം കൊമേഴ്‌സിന് 1050ഉം സീറ്റുകളുമുണ്ട്. അൺ എയ്ഡഡ് ഹയർ സെക്കൻഡറിയിൽ സയൻസിന് 2550 ഉം ഹ്യുമാനിറ്റീസിന് 586ഉം കൊമേഴ്‌സിന് 1486ഉം സീറ്റുണ്ട്. സ്പോർട്സ് ക്വോട്ടയിൽ 721 സീറ്റാണുള്ളത്. സീറ്റ് ക്ഷാമം പരിഹരിക്കാൻ താൽക്കാലിക ബാച്ച് അനുവദിച്ചതോടെ 1170 സീറ്റുകൾ കൂടി. സയൻസിന് 455 ഹ്യുമാനിറ്റീസിന് 585 കൊമേഴ്‌സിന് 130 സീറ്റുകൾ വർധിച്ചു. Read on deshabhimani.com