കേൾവിയില്ലാത്ത കുട്ടികൾക്ക്‌ സ്നേഹസമ്മാനവുമായി



  കോഴിക്കോട്   ഡബ്ല്യുഎച്ച്ഒയുടെ വേൾഡ് ഹിയറിങ്‌ ഫോറത്തിൽ ഇടംനേടിയ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ കാണാൻ ഹൈദരാബാദിൽനിന്നുള്ള സംഘമെത്തി. കേൾവി സംസാര മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്ന ട്രസ്റ്റായ ആശ്രയ് അക്രുതിയുടെ ഡയറക്ടറും സഹപ്രവർത്തകരുമാണ്‌ മെഡിക്കൽ കോളേജിലെ ഇഎൻടി, ഓഡിയോളജി വിഭാഗം സന്ദർശിച്ച്‌ നിറഞ്ഞ മനസ്സോടെ മടങ്ങിയത്‌. ശ്രവണ പരിമിതി നേരിടുന്ന കുട്ടികളിൽ ഒരാൾക്ക് രണ്ടണ്ണമെന്ന നിലയിൽ അറുപത് ലക്ഷത്തിന്റെ കേൾവി സഹായിയും അവർ സമ്മാനിച്ചു.  കേൾവിക്കുറവുള്ള നൂറോളം കുട്ടികൾക്ക്‌ മെഡിക്കൽ കോളേജിൽ സ്പീച്ച്‌ തെറാപ്പി നൽകുന്നു. എഴുപതോളം കുട്ടികൾ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിക് ശേഷവും മുപ്പതോളംപേർ സർജറിക്ക് മുന്നോടിയായും തെറാപ്പിയിൽ പങ്കെടുക്കുന്നു. ജനിച്ച്‌ ഒരുമാസത്തിനുള്ളിൽ കേൾവിക്കുറവ് കണ്ടുപിടിക്കുകയും മൂന്നാം മാസത്തിനുള്ളിൽ കേൾവിക്കുറവിന്റെ തോത് മനസ്സിലാക്കുകയും ആറ്‌മാസത്തിനകം സ്പീച്ച്‌ തെറാപ്പി ആരംഭിക്കുകയുമാണ് ഇവിടെ. ഇരു ചെവികൾക്കും കേൾവിക്കുറവുള്ള കുട്ടികൾക്കായി ശ്രുതി തരംഗം പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നു.  ഉയർന്ന ഗുണനിലവാരമുള്ള കേൾവിസഹായികൾ വാങ്ങാൻ രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതി വെല്ലുവിളിയാകാറുണ്ട്. അത്‌ മനസ്സിലാക്കിയാണ്‌ അർഹരായ കുട്ടികൾക്ക്‌ കേൾവി സഹായി നൽകിയത്‌.  മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ, ഇഎൻടി വിഭാഗം മേധാവി ഡോ. കെ  പി സുനിൽകുമാർ, ഓഡിയോളജി മേധാവി സമീർ പൂതേരി എന്നിവർ സ്വീകരിച്ചു. Read on deshabhimani.com

Related News